നിലവിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ജോണി ആന്റണി. ഒരു സംവിധായകനായി തന്റെ കരിയർ ആരംഭിച്ച ജോണി കുറഞ്ഞ കാലം കൊണ്ട് വലിയ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരുന്നു.
മമ്മൂട്ടിയോടൊപ്പം തുറുപ്പുഗുലാൻ,പട്ടണത്തിൽ ഭൂതം, താപ്പാന തുടങ്ങിയ സിനിമകളിൽ ജോണി ആന്റണി വർക്ക് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ജോണി ആന്റണി.
എല്ലാവർക്കും ഒരു റോൾ മോഡൽ ആക്കാൻ പറ്റിയ വ്യക്തിയാണ് മമ്മൂട്ടി എന്നാണ് ജോണി ആന്റണി പറയുന്നത്. സിനിമയോട് ഇത്രയേറെ അഭിനിവേശമുള്ള മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ലെന്നും ജോണി ആന്റണി പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്ക എല്ലാർക്കും ഒരു റോൾ മോഡൽ തന്നെയാണ്. ഒരു സിനിമാ പ്രവർത്തകൻ എപ്പോഴും മനസിൽ സൂക്ഷിക്കേണ്ട ഒരു വ്യക്തിയാണ് മമ്മൂട്ടിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ചടക്കമുള്ളൊരു ജീവിതവും സിനിമയോടുള്ള പാഷനും വ്യത്യസ്തത കണ്ടെത്താനുള്ള അന്വേഷണവും എല്ലാം എല്ലാവരും കണ്ട് പഠിക്കേണ്ടതാണ്.
പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കാൻ കാണിക്കുന്ന മനസൊക്കെ എടുത്ത് പറയേണ്ട ക്വാളിറ്റിയാണ്. ഒരുപാട് കാര്യങ്ങളിൽ മമ്മൂക്കയെ പറ്റി പറയാൻ ഉണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങളിൽ റോൾ മോഡൽ ആക്കാൻ പറ്റിയ ആളാണ് അദ്ദേഹം.
എനിക്ക് തോന്നുന്നത് സിനിമയോട് ഇത്രയും അടങ്ങാത്ത അഭിനിവേശം കാണിക്കുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെയില്ല എന്നാണ്.
എന്നെ കാണുമ്പോഴൊക്കെ ആരോഗ്യ കാര്യങ്ങളിൽ ഉപദേശം തരും. വയർ കൂടുന്നുണ്ട്, കുറക്കണം എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ പുകവലിച്ചോണ്ടിരുന്ന സമയത്ത് പുള്ളി എന്നോട് പറയുമായിരുന്നു 40 കഴിഞ്ഞില്ലേ വലി നിർത്തണം എന്നൊക്കെ.
അഭിനയിക്കുന്ന സിനിമകളുടെ കാര്യത്തിലും മമ്മൂക്ക എനിക്ക് നിർദ്ദേശങ്ങൾ തരാറുണ്ട്. അങ്ങനെ എല്ലാ കാര്യത്തിലും. എനിക്ക് ഭയങ്കര ഇഷ്ടമാണ് പുള്ളിയെ,’ജോണി ആന്റണി പറയുന്നു.
Content Highlight: Jhony Antony Talk About Mammooty