ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറുപ്പുഗുലാന്‍. ഒരു മുഴുനീള കോമഡി – ആക്ഷന്‍ ത്രില്ലറായ ഈ സിനിമയില്‍ ‘ഗുലാന്‍’ എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോന്‍ എന്ന കഥാപാത്രമായി എത്തിയത് മമ്മൂട്ടി ആയിരുന്നു. തന്റെ സിനിമകളിൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ ഗുലാനെന്ന് ജോണി ആന്റണി പറയുന്നു.
അതുവരെ ഇറങ്ങിയ മമ്മൂട്ടി സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുട്ടിത്തമുള്ള ഒരു മമ്മൂട്ടിയെ കണ്ട സിനിമയാണ് അതെന്നും സിനിമയിലെ മമ്മൂട്ടിയുടെ ഇൻട്രോ സീൻ മമ്മൂട്ടിയുടെ ശാസ്ത്രീയ നൃത്തത്തിലൂടെ ആവണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും എന്നാൽ നിർമാതാവിന് ഒരു ആക്ഷൻ സീനായിരുന്നു ആവശ്യമെന്നും ജോണി ആന്റണി പറഞ്ഞു. ചിത്രം തിയേറ്ററിൽ വലിയ വിജയമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രിയപ്പെട്ടവയിൽ നിന്ന് ഒന്നിനെ തെരഞ്ഞെടുക്കുക എപ്പോഴും അസാധ്യമാണ്. എന്നാൽ ചില പ്രകടനങ്ങൾ എപ്പോഴും നമുക്ക് ഹ്യദയത്തോട് ചേർന്നുനിൽക്കും. അത്തരത്തിലൊന്നാണ് തുറുപ്പുഗുലാനിലെ മമ്മൂക്കയുടെ ഗുലാൻ എന്ന കഥാപാത്രം. ഗുലാനിൽ അതുവരെ മറ്റ് മമ്മൂക്ക ചിത്രങ്ങളിൽ ഇല്ലാത്ത ഒരു കുട്ടിത്തമുണ്ടായിരുന്നു.
ഗുലാനെല്ലാം തമാശയാണ്. തട്ടുകട നടത്തുന്ന ഒരു സാധാരണക്കാരനാണെങ്കിലും ഉന്നതങ്ങളിൽ അയാൾക്ക് ബന്ധമുണ്ട്. മമ്മൂക്ക വളരെ അനായാസമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉദയനും സിബിയും ചേർന്നായിരുന്നു ചിത്രത്തിൻ്റെ തിരക്കഥ.
സ്റ്റാർഹോട്ടലിന് മുന്നിലെ ഒരു തട്ടുകട എന്ന ആശയത്തിൽ നിന്നായിരുന്നു സിനിമയുടെ തുടക്കം. ഗുലാൻ എന്ന കഥാപാത്രത്തിന് പേരിട്ടതും അയാളെ കോഴിക്കോട്ടെ തട്ടുകടക്കാരനാക്കിയതുമെല്ലാം പിന്നീടാണ്. നിർമാതാവായ മിലൻ ജലീലിന് ആക്ഷൻ രംഗങ്ങൾ കുറച്ചധികം വേണം എന്ന താത്‌പര്യമുണ്ടായിരുന്നു. എന്നാൽ എനിക്ക് മമ്മൂക്കയെക്കൊണ്ട് കുറച്ചധികം കോമഡി രംഗങ്ങൾ ചെയ്യിപ്പിക്കാനായിരുന്നു ഉദ്ദേശ്യം.
അങ്ങനെ ഗുലാന്റെ ഇൻട്രോ സീനിനെക്കുറിച്ചുള്ള പ്ലാനിങ്ങിലേക്ക് എത്തി ക്ലബ്ബിൽ ചീട്ടുകളിയോടനുബന്ധിച്ച് ഒരു ഗംഭീര ഫൈറ്റാണ് ഇൻട്രോ സീനായി പ്ലാൻ ചെയ്‌തത്. എന്നാൽ ചർച്ചയ്ക്കിടെ ഞാൻ ചോദിച്ചു. നമുക്ക് കുട്ടികളുടെ കൂടെ ശാസ്ത്രീയ നൃത്തം പഠിക്കുന്ന മമ്മൂക്ക എന്ന രീതിയിലുള്ള ഇൻട്രോ സീൻ ആക്കിയാലോ എന്ന്. മമ്മൂക്കയ്ക്ക് സംഭവം ഇഷ്ടമായി. അത് കൊള്ളാം എന്ന് പറഞ്ഞു.
എന്നാൽ നിർമാതാവ് അടിയല്ലേ നല്ലതെന്നായി. പക്ഷേ, മമ്മൂക്ക പച്ചക്കൊടി കാട്ടിയതോടെ അങ്ങനെതന്നെ ഷൂട്ട് ചെയ്തു. ആ ഇൻട്രോ സിനിമയുടെ ടോട്ടാലിറ്റിയിൽ ഗുലാന് കുട്ടിത്തം നൽകാൻ സഹായിച്ചു. ചിലങ്ക കെട്ടിയുള്ള ആദ്യത്തെ ഫൈറ്റും ക്ലിക്കായി. ഡാൻസും ഫൈറ്റുമെല്ലാം അനായാസമായി മമ്മുക്ക ചെയ്‌തതോടെ തുറുപ്പുഗുലാൻ തിയേറ്ററുകളിൽ സുപ്പർ ഗുലാനായി മാറി,’ജോണി ആന്റണി പറയുന്നു.
Content Highlight: Jhony Antony About Mammooty’s Performance In Thuruppu Gulan Movie