| Friday, 25th October 2024, 3:58 pm

വാത്സല്യത്തിന്റെ ക്ലൈമാക്സിൽ ഹനീഫിക്കക്ക് മറ്റൊരു പ്ലാനുണ്ടായിരുന്നു, അത് ശരിക്കും ഹൃദയഭേദകം: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ തീരാനഷ്ടമാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യതാരമായും സ്വഭാവനടനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ പലരും പങ്കുവെക്കാറുണ്ട്.

സംവിധായക കുപ്പായമണിഞ്ഞ് കൊച്ചിൻ ഹനീഫ എല്ലാവരെയും ഞെട്ടിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ വാത്സല്യം. ഇന്നും പ്രേക്ഷകർ കണ്ട് കരയുന്ന സിനിമയാണ് വാത്സല്യം. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ്‌ മറ്റൊരു രീതിയിൽ ചെയ്യാൻ കൊച്ചിൻ ഹനീഫക്ക് പ്ലാൻ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി.

ആ ക്ലൈമാക്സ്‌ കേട്ടപ്പോൾ, ഇതുംകൂടെ ചേർത്തിരുന്നെങ്കിൽ പ്രേക്ഷകർ കൂടുതൽ കരഞ്ഞേനേയെന്ന് താൻ പറഞ്ഞെന്നും അന്ന് അത്തരം മെലോഡ്രാമകളുള്ള സിനിമകളാണ് കൂടുതൽ വിജയിച്ചിരുന്നതെന്നും ജോണി ആന്റണി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തിൽ ഒരുപാട് മെലോഡ്രാമകളുണ്ടല്ലോ. അതായത് ഇപ്പോൾ ആരാച്ചാർ മധു സാർ ആണെങ്കിൽ സ്വന്തം മകനെ തൂക്കി കൊല്ലേണ്ടി വരിക. അങ്ങനെയുള്ള ഒരുപാട് മെലോഡ്രാമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.

ഞാൻ അതിനെ കുറിച്ചൊക്കെ ഹനീഫിക്കയോട് ചോദിച്ചിട്ടുമുണ്ട്. വേറൊരു കാര്യം, ആ കാലഘട്ടത്തിൽ അത്തരം സിനിമകളൊക്കെ വലിയ വിജയമായി മാറിയിരുന്നു. ഹനീഫിക്ക ഒരിക്കൽ എന്നോട് വാത്സല്യം സിനിമയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

വാത്സല്യത്തിന്റെ ക്ലൈമാക്സിൽ മറ്റുള്ളവർ മമ്മൂക്കയെ കാണാൻ ചെല്ലുമ്പോൾ, മമ്മൂക്കയുടെ മകനായി അഭിനയിച്ച പയ്യനെ ആ പറമ്പിൽ വെച്ചൊരു പാമ്പ് കടിക്കും. അങ്ങനെയൊരു ഇമോഷണൽ എൻഡിലേക്ക് അദ്ദേഹം ആ സിനിമ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

അതുകേട്ടപ്പോൾ ഞാൻ പറഞ്ഞത്, എന്റെ പൊന്ന് ഹനീഫിക്ക അല്ലെങ്കിലെ ആ സിനിമ കണ്ട് എല്ലാവരും കരഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ആ കൊച്ചിനേം കൂടെ വേദനിപ്പിക്കണോയെന്നായിരുന്നു,’ജോണി ആന്റണി പറയുന്നു.

ജോണി ആന്റണിയുടെ ആദ്യ ചിത്രമായ സി.ഐ.ഡി മൂസ ഉൾപ്പെടെ തുറുപ്പുഗുലാൻ, പട്ടണത്തിൽ ഭൂതം, ഇൻസ്പക്റ്റർ ഗരുഡ് തുടങ്ങിയ സിനിമകളിൽ കൊച്ചിൻ ഹനീഫ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Jhony Antony About Kochin Haneefa

We use cookies to give you the best possible experience. Learn more