കല്യാണി പ്രിയദർശനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. കല്യാണിയെ വീട്ടിൽ കൊണ്ടുപോയി മകളെ പോലെ വളർത്താൻ തോന്നുമെന്ന് ജോണി ആന്റണി പറഞ്ഞു. അത്രയേറെ ഇഷ്ടം ഉള്ള കുട്ടിയാണ് കല്യാണിയെന്നും എല്ലാവരോടും നല്ല പെരുമാറ്റമാണെന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്യാണിയെ വീട്ടിൽ കൊണ്ട് പോയി വളർത്താൻ തോന്നും. എന്റെ രണ്ട് പെൺമക്കളിൽ ഒരാളായിട്ട് വളർത്താൻ തോന്നിയിട്ടുണ്ട്. അത്ര നല്ല പെരുമാറ്റമുള്ള നല്ലൊരു കുട്ടിയാണ് കല്യാണി,’ ജോണി ആന്റണി പറഞ്ഞു.
നവാഗതനായ മനു സി. കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമയാണ് കല്യാണി പ്രിയദർശന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഫുട്ബോൾ എന്ന കായിക വിനോദം ഒരു മുഖ്യ ഘടകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു സാധാരണ ചിത്രത്തെ സ്പോർട്സ് ഡ്രാമയുമായി ചേർത്തുവെച്ചാണ് സംവിധായകൻ തന്റെ ഫാത്തിമയെ ഒരുക്കിവെച്ചിട്ടുള്ളത്.
പ്രണവ് മോഹൻലാലിനെക്കുറിച്ചും ജോണി ആന്റണി അഭിമുഖത്തിൽ പറയുന്നുണ്ട്. പ്രണവിനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അടുത്ത് നിൽക്കുമ്പോൾ പോസറ്റീവ് എനർജി വരുമെന്നും ജോണി ആന്റണി പറഞ്ഞു. പ്രണവ് ഒരുപാട് യാത്ര ചെയ്യുന്നതുകൊണ്ട് അടുത്ത് നിൽക്കുമ്പോൾ മുനികുമാരനെപോലെ തോന്നുമെന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു.
‘പ്രണവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തു നിൽക്കുമ്പോൾ ഒരു പോസിറ്റീവ് ഒക്കെ തോന്നാറുണ്ട്. ഒരുപാട് യാത്ര ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. മുനികുമാരൻ എന്നൊക്കെ പറയുമല്ലോ അതുപോലെയാണ് അടുത്തു നിൽക്കുമ്പോൾ. ഒരു പോസ്റ്റ് എനർജി ആയിട്ട് തോന്നിയിട്ടുണ്ട്,’ ജോണി ആന്റണി പറഞ്ഞു.
ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘മഹാറാണി’യാണ് ജോണി ആന്റണിയുടെ പുതിയ ചിത്രം. നവംബർ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ്, നിഷ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
Content Highlight: Jhony antony about kalyani priyadarshan