മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാൻ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടൻ, മായിൻകുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപ്പിടിച്ച് ചെയ്യുന്ന നടൻ കൂടെയാണ് ജഗദീഷ്.
ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി. ആദ്യ സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിലെ പ്രതിഫലം വരെ ചിലപ്പോൾ ജഗദീഷിന് ബാലൻസ് ഉണ്ടാവുമെന്നും ഒരിക്കലും ഒരു നിർമാതാവിനെതിരെ ജഗദീഷിന് പരാതി കൊടുക്കേണ്ടി വരില്ലെന്നും തമാശരൂപേണ ജോണി ആന്റണി പറയുന്നു.
ഒരു സെറ്റിൽ ക്യാഷറോടായിരിക്കും ജഗദീഷ് ഏറ്റവും കമ്പനിയെന്നും മറ്റൊരാൾ കാണുമ്പോൾ രണ്ട് അടുത്ത സുഹൃത്തുക്കൾ സംസാരിക്കുന്ന പോലെ തോന്നുമെന്നും ജോണി ആന്റണി പറഞ്ഞു.
‘മൈ ഡിയർ കുട്ടിച്ചാത്തൻ ആയിരുന്നു ജഗദീഷേട്ടന്റെ ആദ്യ സിനിമ. അതിൽ അഭിനയിച്ച പൈസ വരെ ചിലപ്പോൾ ബാലൻസുണ്ടാവും. ജഗദീഷേട്ടന് ഒരിക്കലും ഒരു നിർമാതാവിനെതിരെ പരാതി കൊടുക്കേണ്ടി വരില്ല. കാരണം എന്തെങ്കിലും പരാതി കൊടുക്കുന്നതിന് മുമ്പ് തന്നെ ജഗദീഷേട്ടൻ മുഴുവൻ പണവും വാങ്ങിയെടുക്കും.
അതിനൊരു അവസരം കിട്ടണ്ടേ. ഞാൻ സഹ സംവിധായകനായിരുന്നപ്പോഴാണ് ജഗദീഷേട്ടനെ ആദ്യമായി കാണുന്നത്. ഒരു സെറ്റിൽ ജഗദീഷേട്ടൻ ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണ്. അവരോട് നല്ല സൗഹൃദമൊക്കെ ആയിരിക്കും. നമ്മളിത് കാണുമ്പോൾ കരുതും അവർ ഒന്നിച്ച് പഠിച്ചതാണെന്നൊക്കെ.
പിന്നെ സിനിമയിൽ ചായയൊക്കെ ഉണ്ടാക്കുന്ന മാസ്റ്ററുണ്ടാവും അവരോട് നല്ല കമ്പനിയാവും. കൃത്യമായി ഫുഡ് കിട്ടേണ്ടത് ആരുടെ അടുത്ത് നിന്നാണോ അവരുടെ കൂടെ പുള്ളിയുണ്ടാവും. ജഗദീഷേട്ടന് അവരെയൊക്കെ വിളിക്കുന്നത് കേട്ടാൽ തോന്നും മോനോ മരുമോനോ എങ്ങാനുമാണെന്ന്. അതാണ് പുള്ളിയുടെ ക്യാരക്ടർ,’ജോണി ആന്റണി പറയുന്നു.
അതേസമയം ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹലോ മമ്മിയാണ് ഏറ്റവും പുതിയ ജഗദീഷ് ചിത്രം. ഉണ്ണി മുകുന്ദൻ നായകനാവുന്ന മാർക്കോ എന്ന ഹനീഫ് അദേനി ചിത്രമാണ് ഈ മാസം വരാനിരിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു സിനിമ.