എറണാകുളം: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡിലെ റൈഡില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നല്‍കാത്ത കേസില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. നിലപാട് തുടര്‍ന്നാല്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിരുത്തരവാദ നിലപാടാണ് ചിറ്റിലപ്പിള്ളി സ്വീകരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഒത്തുതീര്‍പ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും അതിന് മുന്‍കൈയ്യെടുത്തില്ലെന്നത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ ചൊടിപ്പിച്ചു.
Also Read: മോദിയുമായി താരതമ്യം ചെയ്ത് ഇന്ദിരാ ജിയെ അപമാനിക്കരുത്; മോദിയല്ല ഇന്ത്യ: രാഹുല്‍ ഗാന്ധി
പ്രശ്‌നം കഴിയുമെങ്കില്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന ചിറ്റിലപ്പള്ളി അഭിഭാഷകനെ മാറ്റുകയാണ് ചെയ്തത്. ചിറ്റിലപ്പിളിയുടെ നടപടി നിര്‍ഭാഗ്യകരമാണന്നും കോടതി പറഞ്ഞു.
ചിറ്റിലപ്പള്ളിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് കഴിഞ്ഞ ദിവസങ്ങളില്‍ എന്താണ് നടന്നതെന്ന് താങ്കള്‍ക്ക് അറിയാമോ എന്ന് കോടതി ആരാഞ്ഞു .വിഷയം തീര്‍ക്കുന്നതിലല്ല കമ്പനിക്ക് താല്‍പ്പര്യം .നിലപാടില്‍ സത്യസന്ധതയില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
നിലപാട് തുടരുകയാണെങ്കില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് കോടതി അറിയിച്ചു.അന്വേഷണത്തിന് ഡി.ജി.പി യോട് നിര്‍ദ്ദേശിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
നിങ്ങള്‍ക്ക് പണം ഉണ്ടെന്നാണ് പറയുന്നത് .പണം ആരും കൊണ്ടു പോകുന്നില്ല.20വര്‍ഷമായി ഒരു യുവാവ് വീല്‍ ചെയറിലാണ്. നിങ്ങള്‍ക്കെതിരെ ആക്ഷേപം പ്രചരിപ്പിച്ചുവെന്നാരോപിച്ചു പാഠം പഠിപ്പിക്കും എന്ന നിലപാട് അംഗീകരിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി