| Friday, 30th August 2019, 10:34 pm

രമേഷ് ജര്‍ക്കിഹോളിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കുക സഹോദരനെ; ഗോഹക്കില്‍ നടക്കാന്‍ പോകുന്നത് തീ പാറുന്ന മത്സരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രമേഷ് ജര്‍ക്കിഹോളിയാണ് ബി.ജെ.പിയെ കര്‍ണാടകത്തില്‍ അധികാരത്തിലേറ്റാന്‍ സഹായിച്ചത്. രമേഷ് ജര്‍ക്കിഹോളിയെ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ നിയമപോരാട്ടത്തിലാണ് രമേഷ് ജര്‍ക്കിഹോളി. ഈ നിയമപോരാട്ടത്തില്‍ രമേഷ് ജര്‍ക്കിഹോളി വിജയിച്ചില്ലെങ്കില്‍ അദ്ദേഹം പ്രതിനീധികരിച്ചിരുന്ന ഗോഹക്ക് മണ്ഡലത്തില്‍ തീ പാറുന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടം നടക്കും.

തങ്ങളെ അധികാരത്തിലേറ്റാന്‍ സഹായിച്ച രമേഷ് ജര്‍ക്കിഹോളിയെ തന്നെ ബി.ജെ.പി രംഗത്തിറക്കിയേക്കും. അങ്ങനെ രമേഷിനെ തന്നെ രംഗത്തിറക്കിയാല്‍ നേരിടാന്‍ കോണ്‍ഗ്രസ് കരുതിവെച്ചിരിക്കുന്നത് മണ്ഡലത്തില്‍ സ്വാധീനമുള്ള മറ്റൊരു നേതാവിനെയാണ്. രമേഷ് ജര്‍ക്കിഹോളിയുടെ സഹോദരനായ ലഖാന്‍ ജര്‍ക്കിഹോളിയെ. ലഖാന്‍ മാത്രമല്ല മറ്റൊരു സഹോദരനും രമേഷിനെതിരെ കോണ്‍ഗ്രസിനു വേണ്ടി രംഗത്തുണ്ടാവും. എം.എല്‍.എയായ സതീഷ് ജര്‍ക്കിഹോളി.

ലഖാന്‍ ജര്‍ക്കിഹോളിയും സതീഷ് ജര്‍ക്കിഹോളിയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം മണ്ഡലത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളിലൂടെ പദയാത്രക്ക് ഒരുങ്ങുകയാണ് ലഖാന്‍.

രമേഷ് ജര്‍ക്കിഹോളിയുടെ മറ്റൊരു സഹോദരനായ ബാലചന്ദ്ര ജര്‍ക്കിഹോളി ബി.ജെ.പി എം.എല്‍.എയാണ്. രണ്ട് വെല്ലുവിളികളാണ് രമേഷ് ജര്‍ക്കിഹോളി നിലവില്‍ നേരിടുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും വരെ മത്സരിക്കാന്‍ കഴിയില്ല എന്ന വിധി വന്നാല്‍ മത്സര സാധ്യത അടഞ്ഞേക്കും. മറ്റൊരു വെല്ലുവിളി ബി.ജെ.പിക്ക് അകത്ത് നിന്ന് തന്നെയാണ്.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും രമേഷ് ജര്‍ക്കിഹോളിക്കെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് പൂജാരി എതിര്‍പ്പുയര്‍ത്തി കഴിഞ്ഞു. രമേഷ് ജര്‍ക്കിഹോളിക്ക് സീറ്റ് നല്‍കരുതെന്നും തനിക്ക് സീറ്റ് നല്‍കണമെന്നുമാണ് അസോകിന്റെ ആവശ്യം.

Latest Stories

We use cookies to give you the best possible experience. Learn more