national news
റെംഡെസിവര്‍ ക്ഷാമം രൂക്ഷമാകുന്നു; ബംഗ്ലാദേശില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കേന്ദ്രത്തോട് അനുമതി ചോദിച്ച് ജാര്‍ഖണ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 19, 03:43 am
Monday, 19th April 2021, 9:13 am

ന്യൂദല്‍ഹി: റെംഡെസിവര്‍ മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി ജാര്‍ഖണ്ഡ്. കൊവിഡ് ഗുരുതരമായി ബാധിച്ച രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് റെംഡെസിവര്‍.

ആവശ്യത്തിന് മരുന്ന് കിട്ടാത്ത സാഹചര്യത്തിലാണ് ബംഗ്ലാദേശില്‍ നിന്നും മരുന്ന് ഇറക്കുമതി ചെയ്യാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ബംഗ്ലാദേശിലെ ചില ഫാര്‍മ കമ്പനികളെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തു.

അടിയന്തരാവശ്യത്തിന് വേണ്ടി 50,000 റെംഡെസിവര്‍ വാങ്ങുന്നതിന് ബംഗ്ലാദേശിലെ ഫാര്‍മ കമ്പനികളുമായി ബന്ധപ്പെട്ടുവെന്നും സോറന്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും റെംഡെസിവര്‍ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.

അതേസമയം, മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ റെംഡെസിവറിന്റെ ഉല്‍പാദനം ഇരട്ടിയാക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു. 15 ദിവസത്തിനകം പ്രതിദിനം 3 ലക്ഷം ആയി ഉല്‍പാദനം ഉയര്‍ത്താനാണു ശ്രമമെന്നാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചത്. നിലവിലുള്ള 20 പ്ലാന്റുകളില്‍ നിന്നു ഉല്‍പാദനം കൂട്ടുന്നതിനൊപ്പം 20 പുതിയ പ്ലാന്റുകള്‍ക്ക് അനുമതിയും നല്‍കി.

റെംഡെസിവര്‍ ഇന്‍ജക്ഷന്റെ വില കഴിഞ്ഞദിവസം 2000 രൂപയോളം കുറച്ചിരുന്നു. മരുന്നു കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

അതേസമയം,രാജ്യത്ത് നിലവില്‍ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.

കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,77,150 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ മഹാരാഷ്ട്രയിലും ദല്‍ഹിയില്‍ 167 പേരും മരിച്ചു.

1,28,09,643 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി ഉണ്ടായത്. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Jharkhand Seeks Centre’s Permission To Import Remdesivir From Bangladesh