റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി സഖ്യകക്ഷികള്‍ എന്‍.ഡി.എ വിടുന്നു. എല്‍.ജെ.പിക്ക് പിന്നാലെ സഖ്യത്തില്‍നിന്നും പിന്‍മാറുന്നെന്ന സൂചന നല്‍കി ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു).
ശക്തമായ ഒരു സര്‍ക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്നും പരമാവധി സ്ഥലങ്ങളില്‍ വിജയിക്കുന്നതിലൂന്നിയാവും പ്രവര്‍ത്തനമെന്നും എ.ജെ.എസ്.യു വക്താവ് ദേവ്ശരണ്‍ ഭഗത് പറഞ്ഞു. സഖ്യത്തിനൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് എ.ജെ.എസ്.യു നല്‍കുന്നത്.
‘ജാര്‍ഖണ്ഡില്‍ ശക്തമായ സര്‍ക്കാരുണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്ന് ജാര്‍ഖണ്ഡിലെ പ്രശനങ്ങളെല്ലാം പരിഹരിക്കപ്പെടും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന അവസ്ഥയെച്ചൊല്ലി ചോദ്യങ്ങളൊന്നുമില്ല. പരമാവധി സീറ്റുകളില്‍ വിജയം നേടാന്‍ മാത്രമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്’, ദേവ്ശരണ്‍ പറഞ്ഞു.
ബി.ജെ.പി അവരുടെ സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ചക്രധര്‍പൂര്‍ നിയമസഭാ സീറ്റില്‍ എ.ജെ.എസ്.യുവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു.
ജാര്‍ഖണ്ഡില്‍ മത്സരിക്കാന്‍ 19 സീറ്റുകള്‍ വേണമെന്ന് എ.ജെ.എസ്.യു ആവശ്യപ്പെട്ടെങ്കിലും ഒമ്പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറല്ലെന്നാണ് ബി.ജെ.പി അറിയിച്ചത്.
എ.ജെ.എസ്.യു ഇതിനകം 12 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ സിമാരിയ, സിന്ധ്രി, മണ്ടു, ചക്രധര്‍പൂര്‍ എന്നീ നാല് മണ്ഡലങ്ങളില്‍ ബി.ജെ.പിയും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യുന്നതില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി എല്‍.ജെ.പിയും കഴിഞ്ഞ ദിവസം സഖ്യം വിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ 81 സീറ്റുകളില്‍ 50 ലും തങ്ങളുടെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് എല്‍.ജെ.പി തലവന്‍ ചിരാഗ് പസ്വാന്‍ പ്രഖ്യാപിച്ചു.
2014 ല്‍ രാം വിലാസ് പസ്വാന്റെ എല്‍.ജെ.പിക്ക് ഒരു സീറ്റായിരുന്നു ബി.ജെ.പി നല്‍കിയത്. അവിടെ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനാണ് ഇവിടെ പാര്‍ട്ടിയെ നയിക്കുന്നത്.