റായ്പുര്‍: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ രൂപേഷ് കുമാര്‍ സിങിനെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഞായറാഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിനെതിരെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്.
സി.പി.ഐ മാവോയിസ്റ്റ് നേതാവായ പ്രശാന്ത് ബോസ് എന്ന കിഷന്ദ പ്രതിയായ 2021ലെ ഒരു കേസുമായി ബന്ധപ്പെടുത്തിയാണ് അറസ്റ്റ്. മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും രൂപേഷ് സിങ് ഫണ്ട് കണ്ടെത്തിയിരുന്നെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.
ജാര്‍ഖണ്ഡിലെ രാംഗാര്‍ഹ് ജില്ലയില്‍ നിന്നും രൂപേഷ് സിങിനെ അറസ്റ്റ് ചെയ്തതായി ജാര്‍ഖണ്ഡ് പൊലീസ് വക്താവ് അമോല്‍ വി ഹോംകര്‍ പറഞ്ഞു. ”മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ പ്രശാന്ത് ബോസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.പി.ഐ (മാവോസിറ്റ്) നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെയുള്ളത് പുതിയ എഫ്.ഐ.ആര്‍ അല്ല,” അമോല്‍ വി ഹോംകര്‍ പറഞ്ഞു.
എന്നാല്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഇത് വ്യാജമായ കേസാണെന്നും സിങ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഏറെ വിവാദമായ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരം ചോര്‍ത്താന്‍ ലക്ഷ്യംവെച്ച മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളായിരുന്നു രൂപേഷ് കുമാര്‍ സിങ്. ഇതിന് പിന്നാലെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
”പുലര്‍ച്ചെ അഞ്ചരയോട് കൂടി പൊലീസുകാര്‍ ഞങ്ങളുടെ വീട്ടിലെത്തി തിരച്ചില്‍ നടത്തി. സെര്‍ച്ച് വാറണ്ടില്‍ FIR 67/2021 എന്ന് എഴുതിയിരുന്നു.
എന്നാല്‍ എന്ത് കുറ്റത്തിനാണ് എന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസുകാര്‍ ഞങ്ങളോട് പറഞ്ഞില്ല. അവര്‍ അദ്ദേഹത്തിന്റെയും എന്റെ ഇളയ സഹോദരിയുടെയും വരെ ലാപ്‌ടോപ് എടുത്ത് കൊണ്ടുപോയി,” രൂപേഷ് കുമാര്‍ സിങിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ സതാക്ഷി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സറയ്‌കേല- ഖര്‍സവാന്‍ ജില്ലാ കോടതിയാണ് രൂപേഷ് കുമാര്‍ സിങിനെതിരായ അറസ്റ്റ് വാറണ്ടും സെര്‍ച്ച് വാറണ്ടും പുറപ്പെടുവിച്ചത്. 2019ലും സമാനമായ രീതിയില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് രൂപേഷ് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെ അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
രൂപേഷ് സിങിന്റെ അറസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭരണകൂടത്തിന്റെ നീക്കമായും രൂപേഷ് സിങിന്റെ അറസ്റ്റ് വിലയിരുത്തപ്പെടുന്നുണ്ട്.