റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്വാറന്റൈനില്‍ കഴിയുന്ന 37 പേര്‍ തബ് ലീഗ് സമ്മേളനത്തിന് പോയവരെന്ന് കാണിച്ച് നോട്ടീസ് പുറത്തിറക്കി പൊലീസ്. വാദം നിരസിച്ച് ക്വാറന്റൈനില്‍ കഴിയുന്ന 28 പേര്‍. ദ കാരവനോടായിരുന്നു 28 പേരും ഇക്കാര്യം വ്യക്തമാക്കിയത്.
ജാര്‍ഖണ്ഡ് പൊലീസ് കണ്ടു പിടിച്ച 37 പേരില്‍ 28 പേരാണ് തബ്‌ലീഗ് സമ്മേളനത്തിന് പോയിട്ടില്ലെന്ന കാര്യം വ്യക്തമാക്കിയത്. ആ ദിവസങ്ങളില്‍ ദല്‍ഹിയുടെ പരിസര പ്രദേശങ്ങളില്‍ പോലും തങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ദല്‍ഹിയിലെ ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെന്ന് കാണിച്ച് മാര്‍ച്ച് 30ന് ജാര്‍ഖണ്ഡ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് 37 പേരുടെ ലിസ്റ്റ് പുറത്തിറക്കിയത്. ജാര്‍ഖണ്ഡിലെ ഒരു മന്ത്രിയുടെ മകനും ഈ പട്ടികയില്‍പ്പെടുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇവര്‍ തലസ്ഥാനത്തു നിന്നും ജാര്‍ഖണ്ഡിലേക്ക് പോന്നതെന്നും അവര്‍ വ്യക്തമാക്കി.
‘കിട്ടിയ വിവരമനുസരിച്ച് പട്ടികയില്‍ പേരുള്ള ആളുകള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതായാണ് വിവരം. ഇവര്‍ കഴിഞ്ഞ ആഴ്ചക്കുള്ളിലാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. ആവശ്യമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ആവശ്യമായ അന്വേഷണം നടത്തും,’ നോട്ടീസില്‍ വ്യക്തമാക്കുന്നു.
പൊലീസ് 37 പേരുടെ പേരും മൊബൈല്‍ നമ്പറുമടക്കമാണ് പ്രസിദ്ധീകരിച്ചത്. അതില്‍ 28 പേരുമായി കാരവന് ബന്ധപ്പെടാന്‍ സാധിച്ചുവെന്ന് കാരവന്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ബന്ധപ്പെട്ട എല്ലാവരും ഒരേ സ്വരത്തില്‍ പങ്കെടുത്തെന്ന പൊലീസിന്റെ വാദം നിരസിക്കുകയായിരുന്നു.
അതില്‍ 27 പേരും വ്യക്തമാക്കുന്നത് അവര്‍ ദല്‍ഹിയില്‍ പോയിട്ടു തന്നെ കാലങ്ങളായി എന്നാണ്. ചിലര്‍ ഒരു വര്‍ഷം മുന്നെയാണ് അവസാനമായി ദല്‍ഹിയില്‍ പോയതെന്ന് പറയുമ്പോള്‍ ചിലര്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷമായി എന്നു പറയുന്നു.
28 പേരും ഇപ്പോഴും അതിന് മുമ്പും തബ്‌ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്നതായി സമ്മതിച്ചു. എന്നാല്‍ നോട്ടീസില്‍ പറയുന്ന ദല്‍ഹിയാത്ര നിഷേധിക്കുകയും ചെയ്തു.
രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ 10 ദിവസം മുമ്പാണ് ദല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനം ആരംഭിക്കുന്നത്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവരില്‍ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.