റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗുംല ജില്ലയിലെ സ്വന്തം കൃഷിഭൂമി ഉഴുതുമറിച്ച യുവതിക്ക് പിഴ ചുമത്തി ഒരു ഗ്രാമപഞ്ചായത്ത്. ട്രാക്ടര്‍ ഉപയോഗിച്ച് സ്വന്തം കൃഷിഭൂമി ഉഴുതുമറിക്കുന്നതാണ് പഞ്ചായത്ത് നിരോധിച്ചത്.
ജില്ലയിലെ ദാഹു ടോളി ഗുംലാ ബ്ലോക്കിലാണ് സംഭവം നടന്നത്. നിലം ഉഴുതുമറിക്കരുതെന്ന ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ അവരെയും കുടുംബത്തെയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ കൃഷിസ്ഥലങ്ങള്‍ ഉഴുതുമറിച്ചാല്‍ പ്രദേശത്ത് പകര്‍ച്ചവ്യാധിയോ അല്ലെങ്കില്‍ വരള്‍ച്ചയോ വരാന്‍ സാധ്യത ഉണ്ടെന്നും അത് നല്ല ശകുനമല്ല കാണിക്കുന്നതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
മഞ്ജു ഒറാന്‍ എന്ന സ്ത്രീക്കെതിരെയാണ് ഗ്രാമപഞ്ചായത്ത് പിഴ ചുമത്തിയിരിക്കുന്നത്. പ്രദേശത്തെ അറിയപ്പെടുന്ന കൃഷിക്കാരിയാണ് മഞ്ജു ഒറാന്‍. കൊവിഡ് അടച്ചിടല്‍ മുതല്‍ തന്റെ പത്ത് ഏക്കറോളം വരുന്ന കൃഷിഭൂമിയില്‍ കൃഷിയിറക്കിയിരുന്നു. പച്ചക്കറി കൃഷിയാണ് മഞ്ജു ചെയ്യുന്നത്.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനായി അടുത്തിടെ അവര്‍ പുതിയൊരു ട്രാക്ടര്‍ കൂടി വാങ്ങിയിരുന്നു. സംസ്‌കൃതത്തില്‍ ബിരുദധാരിയാണ് മഞ്ജു.
‘ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത ഗ്രാമപഞ്ചായത്തിലാണ് അവര്‍ ഇതേകുറിച്ച് എന്നോട് ചോദിച്ചത്. നിലം ഉഴുതുമറിക്കുക എന്ന ജോലി പുരുഷന്‍മാര്‍ മാത്രം ചെയ്യുന്ന ജോലി അല്ലെയെന്നവര്‍ ചോദിച്ചു. സ്ത്രീകള്‍ നിലമുഴുന്നത് ചീത്ത ശകുനമാണെന്നറിഞ്ഞിട്ടും ഞാനെന്തിനാണ് അത് ചെയ്തത് എന്നൊക്കെയാണവര്‍ ചോദിച്ചത്,’ മഞ്ജു പറഞ്ഞു.
‘താന്‍ ഒരു കാളയെകൊണ്ടൊന്നും അല്ലല്ലോ ഒരു യന്ത്രം കൊണ്ടല്ലെ ഉഴുതത് എന്നവരോട് പറഞ്ഞെങ്കിലും അവരത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.
ഇനിമുതല്‍ എന്റെ സ്വന്തം കൃഷിസ്ഥലം ഞാന്‍ ഉഴുതുമറിക്കരുതെന്ന് അവര്‍ പറഞ്ഞു. ഇനിയെങ്ങാനും ഞാനത് ചെയ്താല്‍ എന്നെയും എന്റെ കുടുംബത്തെയും ഗ്രാമത്തില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ പറഞ്ഞു. അതിന്റെ പേരില്‍ എനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.’ മഞ്ജു പറഞ്ഞു.
എന്നാല്‍ അവരുടെ ന്യായത്തോട് ഞാനൊരിക്കലും യോജിക്കില്ലെന്ന് പറഞ്ഞാണ് താനവിടെ നിന്ന് ഇറങ്ങിയതെന്നും മഞ്ജു പറഞ്ഞു.
അവരുടെ അന്ധവിശ്വാസം തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സിസായ് പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആദിത്യ ചൗധരി പറഞ്ഞു. ‘രാജ്യത്ത് പലയിടങ്ങളിലുമായി സ്ത്രീകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് തങ്ങളുടെ കൃഷിനിലം ഉഴുതുമറിക്കുകയും സാമ്പത്തികമായും അല്ലാതെയും കുടുംബത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്, അതെല്ലാം അവരെ പറഞ്ഞ് മനസിലാക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Jharkhand panchayat imposes fine on woman who tilled her own land, says bad omen