ജാര്‍ഖണ്ഡില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കുമോ?; അതോ വിരുദ്ധ വോട്ടുകള്‍ നേടാനുള്ള ബി.ജെ.പിയുടെ തന്ത്രമോ?
Jharkhand election
ജാര്‍ഖണ്ഡില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കുമോ?; അതോ വിരുദ്ധ വോട്ടുകള്‍ നേടാനുള്ള ബി.ജെ.പിയുടെ തന്ത്രമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2019, 9:38 am

റാഞ്ചി: മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത് യഥാര്‍ത്ഥത്തില്‍ പരുങ്ങലിലാക്കുന്നത് തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന ജാര്‍ഖണ്ഡിലെ ബി.ജെ.പിയെ ആണ്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍നിന്ന് പല ഘടക കക്ഷികളും ഇതിനോടകം തന്നെ വിട്ടുപോയി. സ്വതന്ത്രരായി മത്സരിക്കാനാണ് എ.ജെ.എസ്.യു അടക്കമുള്ള പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.

എന്‍.ഡി.എയില്‍നിന്നും വിട്ടുപോന്നതിന്റെ കാരണം തന്റെ വോട്ടര്‍മാരെ പറഞ്ഞ് മനസിലാക്കുന്നതിന്റെ തത്രപ്പാടിലാണ് എ.ജെ.എസ്.യു (ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍) നേതാവ് സുധേഷ് മഹ്‌തോ. ഇത് താനും ബി.ജെ.പിയും തമ്മിലുള്ള മത്സരമായാണ് ഇദ്ദേഹം തെരഞ്ഞെടുപ്പിനെ കാണുന്നത്.

എ.ജെ.എസ്.യുവിനെപ്പോലെ, എന്‍.ഡി.എയുടെ ഭാഗമായിരുന്ന ലോക് ജനശക്തി പാര്‍ട്ടി(എല്‍.ജെ.പി)യും ഇത്തവണ ഒറ്റക്കാണ് മത്സരിക്കുന്നത്. ബി.ജെ.പിയില്‍ നിന്നും ബഹുമാനം കിട്ടുന്നില്ലെന്നാണ് എന്‍.ഡി.എ ഉപേക്ഷിച്ചുവരുന്ന സഖ്യകക്ഷികളെല്ലാം ആവര്‍ത്തിക്കുന്നത്. ശിവസേനയെപ്പോലെ സഖ്യമുപേക്ഷിച്ച് ശക്തി തെളിയിക്കാനാണ് ഇവരുടെ നീക്കം.

‘എനിക്ക് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ചെയ്യാനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യും. രഘുബര്‍ദാസ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ഭൂപരിഷ്‌കരണ നിയമമാണ് എന്റെ ആദ്യ അജണ്ട’, സുധേഷ് മഹ്‌തോ പറഞ്ഞു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളില്‍ 45 ഇടങ്ങളിലാണ് എ.ജെ.എസ്.യു മത്സരിക്കുന്നത്.

എന്നാല്‍ മഹ്‌തോയുടെ വാദം ജെ.എം.എം എടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ സംശയത്തിലാക്കുന്നുണ്ട്. മഹ്‌തോ സ്വതന്ത്രനായി മത്സരിക്കുന്ന ഇടങ്ങളില്‍ ബി.ജെ.പി അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതാണ് ഈ സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ മഹ്‌തോയിലൂടെ പിടിച്ചെടുക്കാനുള്ള കണക്കുകൂട്ടലിലാണ് ബി.ജെ.പിയെന്നാണ് ജെ.എം.എം ഉയര്‍ത്തുന്ന വാദം.

എന്നാല്‍ ഈ വാദങ്ങളെ മഹ്‌തോ തള്ളി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിക്കെതിരെ ശക്തമായ പ്രചരണങ്ങളാണ് ജെ.എം.എം അടക്കമുള്ള പാര്‍ട്ടികള്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ പകുതിയിലധികം വരുന്ന എസ്.ടി, ഒ.ബി.സി വോട്ടുകളെ ചേര്‍ത്തുനിര്‍ത്താന്‍ ഭൂപരിഷ്‌കരണമാണ് ഇവരുടെയും മുഖ്യ ആയുധം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ