| Thursday, 27th June 2019, 10:45 pm

തബ്രീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.ഐ.എം; നീതി ലഭിക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കി കൊല്ലപ്പെട്ട തബ്രീസ് അന്‍സാരിയുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സി.പി.ഐ.എം. കൊലപാതകത്തില്‍ കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റെ നിശബ്ദതയ്ക്ക് എതിരെ സി.പി.ഐ.എം രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി പ്രതിനിധി സംഘം അന്‍സാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കേസില്‍ നീതി ലഭിക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും കുടുംബത്തിന് ഇവര്‍ ഉറപ്പ് നല്‍കി.

തബ്രീസിന്റെ ക്രൂരമായ കൊലപാതകം മനുഷ്യത്വത്തിനേറ്റ അടിയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന തബ്രീസിനെ നാലു ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇതുപോലെ ക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണ് സംഭവത്തിലുള്ള കേന്ദ്ര-സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളുടെ മൗനമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാനല്‍ ജൂണ്‍ 18നാണ് തബ്രീസ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാകുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു കസ്റ്റഡിയിലായിരുന്ന തബ്രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തബ്രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

മുസ്ലിം ആയത് കൊണ്ട് മാത്രമാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് തബ്രീസിന്റെ പ്രതിശ്രുത വധു ഷഹിസ്ത പര്‍വീന്‍ ആരോപിച്ചിരുന്നു. മുസ്ലിം ആയതിന്റെ പേരില്‍ തന്നെ മര്‍ദ്ദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായും ഷഹിസ്ത വെളിപ്പെടുത്തിയിരുന്നു.

24 കാരനായ തബ്രീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. വിവാഹ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളിലായിരുന്നു തബ്രീസ്.മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. അദ്ദേഹത്തെ മരത്തിന്റെ വടിയുപയോഗിച്ച് അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more