| Monday, 24th June 2019, 8:48 pm

ആള്‍ക്കൂട്ടകൊലപാതകം: അഞ്ചുപേര്‍ അറസ്റ്റില്‍; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ മുസ്‌ലീം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍, അസി.സബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ ബിഹാരി എന്നീ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രധാന പ്രതിയായ പപ്പു മണ്ഡല്‍, കമല്‍ മഹ്‌തോ, പ്രേംചന്ദ് മഹ്ലി, ഭീം മണ്ഡല്‍, സൊനാമു പ്രധാന്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ പങ്കുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

മോഷണക്കുറ്റമാരോപിച്ചാണ് 24 കാരനായ തബ്രീസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

തബ്രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു വീഡിയോയില്‍ തബ്രീസ് നിലത്ത് പുല്ലില്‍ കിടക്കുന്നതും ചുറ്റുമുള്ളവര്‍ ആക്രോശിക്കുമ്പോള്‍ ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കുന്നതും വ്യക്തമാണ്.

രണ്ടാമത്തെ വീഡിയോയുടെ ദൈര്‍ഘ്യം പത്ത് മിനുട്ടാണ്. ഈ ദൃശ്യങ്ങളില്‍ പോസ്റ്റില്‍ കെട്ടിയിട്ട് തബ്രീസിനെ ആളുകള്‍ അടിയ്ക്കുന്നതാണ്. മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയതിനെ കുറിച്ച് ഒരാള്‍ ചോദിക്കുന്നതും താനല്ല മറ്റു രണ്ടു പേരാണ് മോഷ്ടിക്കാന്‍ വന്നതെന്നും തബ്രീസ് പറയുന്നുണ്ട്.

വീഡിയോയുടെ അവസാന ഭാഗത്തേക്ക് ജയ് ശ്രീരാം എന്ന് വിളിയ്ക്കുന്നതും തബ്രീസിനെ ജയ് ശ്രീരാം എന്നും പാകിസ്താന്‍ മൂര്‍ദ്ദാബാദ് എന്നും ബലം പ്രയോഗിച്ച് വിളിപ്പിക്കുന്നതും കാണാം. പൂനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന തബ്രീസ് വിവാഹം കഴിക്കാനായി നാട്ടിലെത്തിയതായിരുന്നു.

We use cookies to give you the best possible experience. Learn more