രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളായി കാണരുത്; കൊവിഡ് വാക്‌സിനേഷനെതിരെ ജാര്‍ഖണ്ഡ് മന്ത്രി
national news
രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളായി കാണരുത്; കൊവിഡ് വാക്‌സിനേഷനെതിരെ ജാര്‍ഖണ്ഡ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th January 2021, 7:50 pm

റാഞ്ചി: ജനുവരി പതിനാറിന് ആരംഭിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. വാക്‌സിന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുമ്പ് അതിന്റെ ആധികാരികത പ്രസക്തി, എന്നിവ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘വാക്‌സിനേഷന്‍ നടത്താന്‍ ശരിയായ നടപടിക്രമങ്ങള്‍ ആവശ്യമാണ്. അതിനായി രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്. രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായല്ല ഇത് പറയുന്നത്. പൊതുക്ഷേമപരമായ എല്ലാ കാര്യത്തിനും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കും’, ബന്ന പറഞ്ഞു.

അതേസമയം രാജ്യത്ത് ജനുവരി 16 മുതല്‍ കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പ്രക്രിയയാണ് ഇന്ത്യയില്‍ നടക്കുക.

ആദ്യഘട്ടത്തില്‍ മൂന്നുകോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം.

തുടര്‍ന്ന് 27 കോടിയോളം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കും. ഇതില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 50 വയസ്സിനു താഴെ പ്രായമുള്ള രോഗ ബാധിതരും ഉള്‍പ്പെടും.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Jharkhand Minister Slams Covid Vaccination