| Saturday, 8th July 2017, 10:13 am

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വ്യാപാരിയെ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ ; ഗൂഢാലോചന നടത്തിയത് ബി.ജെ.പി ജില്ലാനേതാവിന്റെ നേതൃത്വത്തിലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഡില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 45കാരനായ മുസ്‌ലിം വ്യാപാരിയായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്.

കൊലപാതകത്തില്‍ ബി.ജെ.പി ജില്ലാ മീഡിയാ ഇന്‍ ചാര്‍ജായ ദീപക് മിശ്രയ്ക്ക് പങ്കുള്ളതായും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവായ നിത്യാനന്ദ് മഹോട്ടയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Dont Miss പത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത്, ദേവഹിതത്തിന് എതിരാണെന്നവാദവുമായി രാജകുടുംബം


കൊലപാതകത്തിന് കാരണം ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ലെന്നും കൊലപാതകം നടക്കുന്നതിന് മുന്‍പ് മണിക്കൂറുകളോളം അന്‍സാരിയെ ഗോസംരക്ഷക പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതക ദിവസം രാവിലെ 7.30 മുതല്‍ 9.30 വരെ രണ്ട് മണിക്കൂര്‍ നേരം അക്രമികള്‍ തുടര്‍ച്ചയായി പരസ്പരം വിവരങ്ങള്‍ കൈമാറിയതായും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിലൂടെ പ്രതികളായ മിശ്രയും ചോട്ടുവെര്‍മയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.


Dont Miss ‘നടുറോഡില്‍ അപമാനിക്കപ്പെടുന്ന ഹിന്ദുസ്ത്രീ’; ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ‘ദുരവസ്ഥ’ കാണിക്കാന്‍ ബി.ജെ.പി വനിത നേതാവ് പുറത്ത് വിട്ട ചിത്രം ബോജ്പുരി സിനിമയിലെ രംഗം


രാവിലെ 7.30ന് ചിത്രപൂര്‍ ചന്തയില്‍ നിന്നും അലിമുദ്ദീന്‍ ഇറച്ചി വാങ്ങുന്നത് അക്രമികളിലൊരാളും ബജ്റംഗ്ദള്‍ പ്രവര്‍ത്തകനുമായ രാജ്കുമാര്‍ കണ്ടിരുന്നു. ഇത് ബീഫാണെന്ന് ഇയാള്‍ ഉറപ്പിക്കുകയും തുടര്‍ന്ന് ഗോരക്ഷാ സേനയിലെ അഞ്ച് അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നുവെന്നും രാംഗഡ് ഡി.എസ്.പി വിരേന്ദ്ര ചൗധരി പറഞ്ഞു.

തുടര്‍ന്ന് വാഹനത്തില്‍ ചന്തയില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ അന്‍സാരിയെ രാജ്കുമാര്‍ പിന്തുടരുകയായിരുന്നു. 15 കിലോമീറ്ററോളം ഇയാള്‍ അന്‍സാരിയെ പിന്തുടര്‍ന്നു. ഇതിനിടയില്‍ വാഹനം പോകുന്ന വഴി ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ ഗോ രക്ഷാസേന അംഗങ്ങള്‍ക്കു കൈമാറുകയായിരുന്നു. അന്‍സാരി ബസാര്‍ തണ്ടിലെത്തിയപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ രാം കുമാര്‍ അദ്ദേഹത്തെ വാഹനത്തില്‍ നിന്നും വലിച്ചിറക്കുകയും മാരുതി വാനിന് തീയിട്ട ശേഷം 100 ഓളം വരുന്ന ഗോരക്ഷക്കാരുടെ സഹായത്തോടെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നെന്നും പൊലീസ് പറയുന്നു.

അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവരില്‍ ചോട്ടു വര്‍മ, സന്തോഷ് സിങ്, ദീപക് മിശ്ര, രാജ് കുമാര്‍, ചോട്ടു റാണ എന്നീ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡില്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ നാലു പേരും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് രാംഗഡ് പൊലീസ് സൂപ്രണ്ട് കിശോര്‍ കൗശല്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more