ആഭിചാരകര്‍മം ചെയ്യുന്നവരെന്ന സംശയത്തില്‍ ജാര്‍ഖണ്ഡില്‍ നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും
national news
ആഭിചാരകര്‍മം ചെയ്യുന്നവരെന്ന സംശയത്തില്‍ ജാര്‍ഖണ്ഡില്‍ നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2019, 1:42 pm

ന്യൂദല്‍ഹി: ആഭിചാരകര്‍മം ചെയ്യുന്നവരെന്ന സംശയത്തില്‍ ജാര്‍ഖണ്ഡില്‍ നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പത്തോളം പേര്‍ വരുന്ന സംഘമാണ് സിസായിയില്‍ വെച്ച് രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തല്ലിക്കൊന്നത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണു സംഭവം. ആള്‍ക്കൂട്ടം ഇവരെ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ ഒന്നിച്ചെത്തിശേഷം പൂട്ടിയിട്ട് തല്ലുകയായിരുന്നു. തല്ലിച്ചതച്ചശേഷം കഴുത്തുമുറിച്ചാണ് കൊന്നത്.

വടികളും ഇരുമ്പ് ദണ്ഡും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് അവരെ തല്ലിയതെന്ന് ഗുംല എസ്.പി അഞ്ജനി കുമാര്‍ ഝാ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ ആഭിചാരകര്‍മം ചെയ്യുന്നവരാണെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട എല്ലാവരും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ഭഗത് (65), ഫഗ്നി ദേവി (60), ചമ്പ ഭഗത് (65), പെടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൂന്നു കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ചമ്പയും പെടിയും ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇവരുടെ മകളുടെ പരാതിയിലാണ് കേസെടുത്തത്.