പാട്‌ന: പരസ്യമായി പശുവിനെ ബലി നല്‍കുമെന്നു പറഞ്ഞ് ബി.ജെ.പിയെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡിലെ മുന്‍ മന്ത്രിയും ആദിവാസി നേതാവുമായ ബണ്ഡു ടിര്‍ക്കെ. ആദിവാസി ആചാരം സംരക്ഷിക്കാന്‍ കറുത്ത പശുവിനെ ബലി നല്‍കുമെന്നാണ് ടിര്‍ക്കെയുടെ പ്രഖ്യാപനം.
ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് ടിര്‍ക്കെ. പട്തല്‍ഗര്‍ഹിയെന്ന ആദിവാസി ആചാരത്തിനെതിരെ ജാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ പരസ്യം നല്‍കിയ സാഹചര്യത്തിലാണ് ടിര്‍ക്കെയുടെ വെല്ലുവിളി. ആഘോഷവേളകളിലും ഗ്രാമങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കാനും ആദിവാസികളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കാനും ഉയരമുള്ള ഒറ്റശിലകള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കുന്ന ചടങ്ങിനെയാണ് പട്തല്‍ഗര്‍ഹിയെന്നു പറയുന്നത്.
ഇത്തരത്തില്‍ സ്ഥാപിക്കുന്ന ശിലകള്‍ വികസനത്തിന് തടസമാകുന്നു എന്നാരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇതിനെതിരെ ടി.വി ചാനലുകള്‍ വഴിയും പത്രങ്ങള്‍ വഴിയും പരസ്യങ്ങള്‍ നല്‍കിയിരുന്നു. പട്തല്‍ഗര്‍ഹി നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ ആചാരങ്ങള്‍ക്കുമേലുള്ള ഇത്തരം ആക്രമണങ്ങള്‍ വെല്ലുപൊറുപ്പിക്കില്ലെന്നാണ് ടിര്‍ക്കെ പറയുന്നത്.
“ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹമായ ഞങ്ങള്‍ ഞങ്ങളുടെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുംമേലുള്ള ഇത്തരം ആക്രമണങ്ങള്‍ സഹിക്കില്ല. ഫെബ്രുവരി 17ന് ബന്‍ഹോര ഗ്രാമത്തിലെ പട്തല്‍ഗര്‍ഹിയ്ക്ക് അരികില്‍ ഞാന്‍ കറുത്ത പശുവിനെ ബലി നല്‍കും. എന്നെ തടയാനാവുമെങ്കില്‍ തടയാന്‍ ഞാന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നു.” അദ്ദേഹം പറഞ്ഞു.
2005 മുതല്‍ ജാര്‍ഖണ്ഡില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നിരിക്കെയാണ് ടിര്‍ക്കെയുടെ വെല്ലുവിളി.