ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് ജഡ്ജിയുടെ മരണത്തില്‍ നടുക്കവും രോഷവും രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും എന്‍.വി. രമണ പറഞ്ഞു.
ജഡ്ജിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നതിന്റെ സൂചനകള്‍ പുറത്ത് വന്നതിന്റെ പിന്നാലെയാണ് എന്‍.വി. രമണയുടെ പ്രതികരണം.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെയും സമീപിച്ചത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് തെളിയുമെന്ന് വികാസ് സിംഗ് കോടതിയോട് പറഞ്ഞു.
പ്രോട്ടോക്കോള്‍ അനുസരിച്ച് വികാസ് സിംഗിനോട് കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് ഡി.വൈ. ഡി.വൈ. ചന്ദ്രചൂഢ് അറിയിച്ചു.
ജഡ്ജിയുടെ മരണം കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നതോടെ സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.
രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് വ്യക്തമാണ്.
വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു.