| Thursday, 23rd September 2021, 2:32 pm

ബോധപൂര്‍വ്വം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയത്, ജില്ലാ ജഡ്ജിയുടേത് കൊലപാതകം തന്നെ; ജാര്‍ഖണ്ഡ് സംഭവത്തില്‍ കോടതിയില്‍ സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രഭാതസവാരിക്കിടെ ജില്ലാ ജഡ്ജ് ഓട്ടോ ഇടിച്ചുമരിച്ച സംഭവത്തില്‍ വ്യക്തത വരുത്തി സി.ബി.ഐ.

ജഡ്ജിയുടേത് അപകട മരണമല്ലെന്നാണ് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതികള്‍ മനഃപൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു.

മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ച രണ്ടുപേരുടെ നേതൃത്വത്തില്‍ ഉത്തം ആനന്ദിനെ ബോധപൂര്‍വ്വം ലക്ഷ്യമിട്ട് കൊല്ലുകയായിരുന്നെന്നാണ് സി.ബി.ഐ പറഞ്ഞത്.

കുറ്റകൃത്യത്തിന്റെ വിശകലനവും സി.സി.ടി.വി ഫൂട്ടേജുകളും ലഭ്യമായ ഫോറന്‍സിക് തെളിവുകളും പരിശോധിച്ച ശേഷമാണ് സി.ബി.ഐ ജഡ്ജിയുടെ മരണം കരുതിക്കൂട്ടിയുള്ളതാണെന്ന് കണ്ടെത്തിയത്.

കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഏജന്‍സി അറിയിച്ചു.

ജൂലായിലാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്.

വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്.

ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ജഡ്ജിയെ ബോധപൂര്‍വം ഇടിച്ചുവീഴ്ത്തിയശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ലഖന്‍ കുമാര്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരാണ് പിടിയിലായത്.

ധന്‍ബാദില്‍ മാഫിയാസംഘങ്ങളുടെ ഒട്ടേറെ കൊലപാതകക്കേസുകള്‍ ജഡ്ജി ഉത്തം ആനന്ദ് കൈകാര്യം ചെയ്യുന്നുണ്ട്. ഗുണ്ടാസംഘത്തിലുള്‍പ്പെട്ടവര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചതുമായി സംഭവത്തിന് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Jharkhand Judge Intentionally Hit By Autorickshaw Driver, CBI Tells Court

Latest Stories

We use cookies to give you the best possible experience. Learn more