കുറ്റകൃത്യത്തിന്റെ വിശകലനവും സി.സി.ടി.വി ഫൂട്ടേജുകളും ലഭ്യമായ ഫോറന്‍സിക് തെളിവുകളും പരിശോധിച്ച ശേഷമാണ് സി.ബി.ഐ ജഡ്ജിയുടെ മരണം കരുതിക്കൂട്ടിയുള്ളതാണെന്ന് കണ്ടെത്തിയത്.
വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്.
ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ജഡ്ജിയെ ബോധപൂര്‍വം ഇടിച്ചുവീഴ്ത്തിയശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ലഖന്‍ കുമാര്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരാണ് പിടിയിലായത്.
ധന്‍ബാദില്‍ മാഫിയാസംഘങ്ങളുടെ ഒട്ടേറെ കൊലപാതകക്കേസുകള്‍ ജഡ്ജി ഉത്തം ആനന്ദ് കൈകാര്യം ചെയ്യുന്നുണ്ട്. ഗുണ്ടാസംഘത്തിലുള്‍പ്പെട്ടവര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചതുമായി സംഭവത്തിന് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.