| Friday, 23rd February 2024, 6:59 pm

രാഹുലിന് തിരിച്ചടി; അപകീര്‍ത്തികേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി ജാര്‍ഖണ്ഡ് ഹൈകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അപകീര്‍ത്തികേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജി തള്ളി ജാര്‍ഖണ്ഡ് ഹൈകോടതി. ക്രിമിനല്‍ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് 2018ലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബി.ജെ.പി നേതാവ് നവീന്‍ ഝായാണ് വിഷയത്തില്‍ രാഹുലിനെതിരെ പരാതി നല്‍കിയത്.

ജസ്റ്റിസ് അംബുജനാണ് രാഹുലിന്റെ ഹരജി പരിഗണിച്ചത്. ഫെബ്രുവരി 16നാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി റിട്ട് ഹരജി ഫയല്‍ ചെയ്തത്. കേസ് വാദം കേട്ടതിന് ശേഷം കോടതി വിധി പറയുന്നതിനായി മാറ്റുകയായിരുന്നു.

2018ല്‍ ജാര്‍ഖണ്ഡിലെ ചായിബാസയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷായെ കൊലപാതകിയെന്ന് രാഹുല്‍ വിളിച്ചത്. രാഹുലിന്റെ പരാമര്‍ശം ബി.ജെ.പിക്ക് വേണ്ടി നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അപമാനമാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പി അധികാര ലഹരിയില്‍ കള്ളം പറയുന്നവാരാണെന്നാണ് തന്റെ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞത്. ‘ബി.ജെ.പി അധികാര ലഹരിയില്‍ കള്ളം പറയുന്നവരാണ്. കൊലപാതക കുറ്റം ആരോപിക്കപ്പെട്ടവരെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി അംഗീകരിക്കാന്‍ മടിയില്ലാത്തവരാണ് ബി.ജെ.പി’, രാഹുൽ പറഞ്ഞു.

അടുത്തിടെ ഇതേ കേസില്‍ ഉത്തര്‍പ്രദേശ് പ്രത്യേക കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. 25,000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് ജാമ്യം നല്‍കിയത്. ബി.ജെ.പി നേതാവ് വിജയ് മിശ്ര നല്‍കിയ പരാതിയിലായിരുന്നു ജാമ്യം.

Contant Highlight: Jharkhand HC dismisses Rahul Gandhi’s plea against proceedings in defamation case

We use cookies to give you the best possible experience. Learn more