| Friday, 26th January 2024, 8:55 am

ഭർതൃമാതാവിനെ വിവാഹിതയായ സ്ത്രീ നിർബന്ധമായും സേവിക്കണം; മനുസ്മൃതി ഉദ്ധരിച്ച് ജാർഖണ്ഡ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ഇന്ത്യൻ സംസ്കാരമനുസരിച്ച് വിവാഹിതയായ സ്ത്രീ അവരുടെ ഭർതൃമാതാവിനെയും ഭർത്താവിന്റെ മുത്തശ്ശിയെയും സേവിക്കേണ്ടത് നിർബന്ധമാണെന്ന് ജാർഖണ്ഡ് ഹൈക്കോടതി.

ഒരു സ്ത്രീ മതിയായ കാരണമില്ലാതെ ഭർത്താവിനെ അയാളുടെ അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നും മാറി താമസിക്കുവാൻ സമ്മർദം ചെലുത്താൻ പാടില്ലെന്നും കുടുംബ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് സുഭാഷ് ചന്ദ് പറഞ്ഞു. രുദ്ര നാരായൺ റായ്‌ എന്നയാൾ നൽകിയ കേസിലായിരുന്നു കോടതിയുടെ വിധി.

ഭാര്യക്ക് പ്രതിമാസം 30,000 രൂപയും മകന് 15,000 രൂപയും ചെലവിനായി നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു രുദ്ര നാരായണൻ.

മതിയായ കാരണമില്ലാതെ ഭർത്താവിനൊപ്പം ജീവിക്കാൻ വിസമ്മതിച്ച സ്ത്രീക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് കോടതി പറഞ്ഞു. അതേസമയം മകന്റെ ജീവനാംശം 15,000 രൂപയിൽ നിന്ന് 25,000 ആയി ഉയർത്തുകയും ചെയ്തു.

ഭരണഘടനയിലെ അനുച്ഛേദം 51എ, പുരാണഗ്രന്ഥങ്ങളായ യജുർവേദ, മനുസ്മൃതി എന്നിവയിൽ പരാമർശിക്കുന്ന മൗലിക ഉത്തരവാദിത്തങ്ങളെ കുറിച്ചും കോടതി പറഞ്ഞു.

അനുച്ഛേദം 51എ പ്രകാരം നമ്മുടെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടത് പൗരന്റെ കടമയാണെന്നും ഇന്ത്യയിലെ സംസ്‍കാരം പ്രകാരം പ്രായമായ ഭർതൃമാതാവിനെ ശുശ്രൂഷിക്കേണ്ടത് ഭാര്യയുടെ കടമയാണെന്നും കോടതി പറഞ്ഞു.

സ്ത്രീ സന്തുഷ്ടയല്ലാത്ത കുടുംബം തകർക്കപ്പെടുമെന്ന് ഉറപ്പാണെന്നും സ്ത്രീ സന്തുഷ്ടയായ കുടുംബം എല്ലായ്പോഴും അഭിവൃദ്ധി നേടുമെന്നും മനുസ്മൃതിയിലെ വാചകം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

ഭർതൃമാതാവ് തന്നോട് ക്രൂരമായി പെരുമാറുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുകയാണെന്നുമാണ് രുദ്ര നാരായൺ റായ്‌യുടെ ഭാര്യ പിയാലി റായ് ചാറ്റർജി ആരോപിക്കുന്നത്. എന്നാൽ തന്റെ അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നും മാറി താമസിക്കുവാൻ ഭാര്യ സമ്മർദം ചെലുത്തുകയാണെന്നും അവരുമായി കലഹിച്ച് തന്നെ അറിയിക്കാതെ ഭാര്യ ഇടയ്ക്കിടെ സ്വന്തം വീട്ടിൽ പോകുമെന്നുമാണ് രുദ്ര നാരായൺ പറയുന്നത്.

അമ്മയിൽ നിന്ന് മാറി താമസിക്കുവാൻ രുദ്ര നാരായനെ ഭാര്യ സമ്മർദം ചെലുത്തുകയാണെന്നാണ് തെളിവുകളിൽ നിന്ന് മനസിലാക്കുന്നതെന്ന് കോടതി പറഞ്ഞു.

Content Highlight: Jharkhand HC Cites Manusmriti, Says Obligatory For Married Woman To Serve Mother-In-Law

We use cookies to give you the best possible experience. Learn more