റാഞ്ചി: ആദിവാസി എന്നത് വെറുമൊരു വാക്ക് മാത്രമല്ലെന്നും സംസ്‌കാരമാണെന്നും ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍. സംസ്‌കാരവും പാരമ്പര്യവും മറക്കുന്നത് രാജ്യത്തിന് ദോഷകരമാണെന്നും ഗാംഗ്വാര്‍ പറഞ്ഞു. ലോക തദ്ദേശീയ ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഗവര്‍ണറുടെ പരാമര്‍ശം.
ഗോത്ര പാരമ്പര്യത്തെ അഭിനന്ദിച്ച ജാര്‍ഖണ്ഡ് ഗവര്‍ണര്‍ നാം നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞു. പുരാതന കാലം മുതല്‍ ഗോത്ര സമൂഹങ്ങള്‍ ഇന്ത്യന്‍ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രധാന ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോത്ര സമൂഹങ്ങളുമായി ബന്ധം പുലര്‍ത്തിയതിന് ശേഷമാണ് നമ്മുടെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടക്കുമ്പോള്‍ ‘സ്ത്രീധനം’ എന്ന വാക്കിന് പ്രാധാന്യമില്ലെന്ന കാര്യം മനസിലായതെന്നും ഗാംഗ്വാര്‍ പറഞ്ഞു. ഇന്ത്യന്‍ ഗോത്ര സമൂഹത്തിന്റെ കല, സംസ്‌കാരം, നാടോടി സാഹിത്യം, പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍ എന്നിവ ആഗോളതലത്തില്‍ പ്രശസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
3.28 കോടിയിലധികം വരുന്ന സംസ്ഥാനത്തെ ജനസംഖ്യയുടെ 27 ശതമാനവും ഗോത്രവിഭാഗമാണെന്നും സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ എട്ട് ദുര്‍ബലരായ ഗോത്രവിഭാഗ ഗ്രൂപ്പുകളില്‍ 32 തരം പട്ടിക വര്‍ഗക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവിഭാഗത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതികളെ കുറിച്ച് പൗരന്മാര്‍ ബോധവാന്മാരായിരിക്കണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പദ്ധതികള്‍ ഗോത്ര സമൂഹത്തിന് വലിയ രീതിയില്‍ പ്രയോജനമാകുമെന്നും വിദ്യാഭ്യാസത്തെ കുറിച്ച് അവര്‍ കൂടുതല്‍ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഏതൊരു രാജ്യത്തിന്റെയും സാമൂഹിക-സാമ്പത്തിക പുരോഗതിയില്‍ അറിവ് വഹിക്കുന്ന പങ്ക് വലുതാണ്. അറിവ് തന്നെയാണ് ഏറ്റവും വലിയ ശക്തിയും. പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും വിദ്യാഭ്യാസം നേടണമെന്നും ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Jharkhand Governor Santosh Kumar Gangwar said that Adivasi is not just a word is a culture