| Sunday, 24th June 2018, 12:20 am

ജാര്‍ഖണ്ഡില്‍ ആക്ടിവിസ്റ്റുകളെ ബലാത്സംഗം ചെയ്തത് പഥാല്‍ഗഡി പ്രവര്‍ത്തകര്‍ തന്നെ: പുരോഹിതനടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ചു വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരെ കൂടി ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു. മറ്റു നാലു പേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ആര്‍.സി.മിഷന്‍ സ്‌കൂളില്‍ നിന്നുള്ള ഫാ. അല്‍ഫാന്‍സോ എയ്‌നും അറസ്റ്റിലായിട്ടുണ്ടെന്നും, ഇയാള്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്നും പൊലീസ് പറയുന്നു. ആര്‍.സി. മിഷന്‍ സ്‌കൂളില്‍ നിന്നാണ് ആക്ടിവിസ്റ്റുകളെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്.

കുറ്റകൃത്യം മൂടിവച്ച ഫാ.അല്‍ഫാന്‍സോയ്ക്ക് അക്രമിസംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. “അറസ്റ്റിലായ അജുബ് സാന്തി, ആശിഷ് ലോംഗോ എന്നിവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആക്ടിവിസ്റ്റുകളെ ബലാത്സംഗം ചെയ്‌തെന്നും, ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.” അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.കെ. മല്ലിക്ക് പറയുന്നു.

വിമത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരും, പഥാല്‍ഗഡി പിന്തുണക്കാരുമാണ് കുറ്റം സമ്മതിച്ച രണ്ടുപേര്‍ എന്നും എ.ഡി.ജി. മാധ്യമങ്ങളോടു പറഞ്ഞു. തിരിച്ചറിഞ്ഞ മറ്റു നാലു പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലുള്ള മൂന്നു പേരെയും കോടതിയി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.


Also Read:ജീവന്‍ വേണമെങ്കില്‍ ഒത്തുതീര്‍പ്പ് മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന് കശ്മീര്‍ ബി.ജെ.പി എം.എല്‍.എ, ഇല്ലെങ്കില്‍ ശുജാഅത് ബുഖാരിയുടെ ഗതിവരുമെന്നും ഭീഷണി


പഥാല്‍ഗഡി നിയമങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ആക്ടിവിസ്റ്റുകളെ ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പഥാല്‍ഗഡി നേതാവായ ജോണ്‍ ജൊനാഷ് തിഡു നടത്തിയ ഗൂഢാലോചനയിലാണ് പുറത്തുനിന്നുള്ളവര്‍ക്ക് ഗ്രാമത്തില്‍ വിലക്കുണ്ടായിട്ടും ഉള്ളില്‍ പ്രവേശിച്ച വനിതാ ആക്ടിവിസ്റ്റുകള്‍ക്കു നേരെ പ്രതികാര നടപടി കൈക്കൊള്ളാന്‍ തീരുമാനമെടുത്തത് എന്നും പൊലീസ് പറയുന്നു.

ജാര്‍ഖണ്ഡില്‍ ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംവിധാനമാണ് പഥാല്‍ഗഡി. തങ്ങളുടെ ഗ്രാമസഭയെ പരമാധികാര സമിതിയായി കാണുന്ന ഇവര്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നില്ല. പുറത്തു നിന്നുള്ളവരെ സ്വന്തം ഗ്രാമങ്ങളിലേക്ക് പ്രവേശിപ്പിക്കാത്ത പഥാല്‍ഗഡി വിഭാഗക്കാര്‍ ഖുന്തി, സിംദേഗ, ഗുംല, വെസ്റ്റ്സിംഗ്ഭും എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശകരെ വിലക്കിക്കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം അവതരിപ്പിക്കാന്‍ ഗ്രാമത്തിലെത്തിയതായിരുന്നു ആശാ കിരണ്‍ എന്ന എന്‍.ജി.ഓയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ ആക്ടിവിസ്റ്റുകള്‍. അഞ്ചു പേരും ഇപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണുള്ളത്.

We use cookies to give you the best possible experience. Learn more