ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് ഡിസംബര്‍ 23-ലേക്കാണ്. ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും ശേഷം നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് അന്നാണ്.
രണ്ടാഴ്ചക്കുള്ളില്‍ അയോധ്യാക്കേസില്‍ വിധി പ്രഖ്യാപിക്കാനിരിക്കെ, അതിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാവും ജാര്‍ഖണ്ഡിലേത്. അതുകൊണ്ട് തന്നെ, ജാര്‍ഖണ്ഡ് അയോധ്യക്കേസിന്റെ തെരഞ്ഞെടുപ്പ് സാധ്യത അളക്കുന്ന ബാരോമീറ്ററാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളുമായിരുന്നു മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിയെ കാത്തിരുന്നതെങ്കില്‍ ജാര്‍ഖണ്ഡിലത് അയോധ്യാ വിധിയാണ്. വിധി ജാര്‍ഖണ്ഡ് വോട്ടില്‍ പ്രതിഫലിക്കുന്നതനുസരിച്ച് വേണം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ടി ബി.ജെ.പിക്ക് കച്ചമുറുക്കാന്‍.
അതേസമയം, ജാര്‍ഖണ്ഡിനും ഹരിയാനക്കും മഹാരാഷ്ട്രയ്ക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സമാനതകളേറെയാണ്. ഹരിയാനയും മഹാരാഷ്ട്രയും തെരഞ്ഞെടുപ്പിന് മുമ്പ് എങ്ങനെ ശ്രദ്ധയാകര്‍ഷിച്ചിരുന്നോ അതുപോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ജാര്‍ഖണ്ഡിലേക്കാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും സംഭവിച്ചതുപോലെ ജാര്‍ഖണ്ഡിലും പ്രതിപക്ഷം പ്രതിരോധത്തില്‍ തന്നെയാണ്. കോണ്‍ഗ്രസിനിവിടെ പ്രാധാനപ്പെട്ട നേതാക്കളാരുമില്ല.
ജെ.എം.എമ്മിന്റെ ഹേമന്ത് സോറനാവട്ടെ, ആദിവാസിമേഖലയിലും കുര്‍മികളിലുമുണ്ടായിരുന്ന പാര്‍ട്ടിയുടെ അടിത്തറ തിരിച്ചുപിടിക്കാനുള്ള അഹോരാത്ര ശ്രമത്തിലും. ആദിവാസികളും കുര്‍മികളുമാണ് വോട്ടുബാങ്കിന്റെ പകുതിയോളം അധികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസും ജെ.എം.എമ്മും സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇവിടെ മഹാരാഷ്ട്രയിലേതുപോലെ പ്രതിപക്ഷത്തെ ചേര്‍ത്തുപിടിക്കാന്‍ ഒരു ശരദ് പവാര്‍ ഇല്ല എന്നത് വാസ്തവവും.
മഹാരാഷ്ട്രയില്‍ വസന്തറാവു നായിക് അഞ്ച് വര്‍ഷം ഭരിച്ചതിന് ശേഷം ഭരണകാലാവധി പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രിയാണ് ഫഡ്‌നാവിസെങ്കില്‍, ജാര്‍ഖണ്ഡില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്. ഫഡ്‌നാവിസിനെയും ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടറിനെയും പോലെത്തന്നെ നരേന്ദ്രമോദിയാണ് രഘുബര്‍ ദാസിന്റെയും രാഷ്ട്രീയ ഗുരു.
ഇവര്‍ മൂന്നുപേരും മോദിയുടെ രാഷ്ട്രീയത്തിലെ പരീക്ഷണായുധങ്ങളായിരുന്നു. ഭൂരിപക്ഷ വിഭാഗത്തില്‍നിന്നല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തിയാല്‍ എങ്ങനെയാവും പ്രതികരണമെന്നായിരുന്നു ഈ പരീക്ഷണം. അതിനുവേണ്ടി മഹാരാഷ്ട്രയില്‍ മറാത്തയില്‍ നിന്നല്ലാത്തതും ഹരിയാനയില്‍ ജാട്ട് അല്ലാത്തതും ജാര്‍ഖണ്ഡില്‍ ആദിവാസിയല്ലാത്തതുമായ മൂന്ന് നേതാക്കളെ മോദി ഉരുക്കിയെടുക്കുകയായിരുന്നു.
ഈ പരീക്ഷണം ബി.ജെ.പിക്ക് ഹരിയാനയിലും മഹാരാഷ്ട്രയിലും പാളിയതാണ്. ഇത് ജാര്‍ഖണ്ഡില്‍ വിജയിക്കുമോ എന്നതിലാണ് ബി.ജെ.പിയുടെയും മോദിയുടെയും കണ്ണ്. അതുകൊണ്ട് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഒരു ഞാണിന്മേല്‍ കളിയാണ്.
ആദിവാസികളും സംസ്ഥാനത്തിന്റെ പകുതിയോളം വരുന്ന കുര്‍മികളും 14.5 ശതമാനമുള്ള മുസ്‌ലിങ്ങളും തങ്ങളുടെ പോക്കറ്റിലാണെന്നാണ് പ്രചരണത്തിന് മുമ്പേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ അവകാശപ്പെടുന്നത്. ഈ വാദത്തെ സാധൂകരിക്കുന്ന കണക്കുകളും ഇവരുടെ പക്കലുണ്ട്.
ബി.ജെ.പിയുടെ ഭൂപരിഷ്‌കരണം മൂലം ജീവിതം താറുമാറായ ആദിവാസികള്‍ ജെ.എം.എം-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ആറ് തവണ എം.പിയായ ബി.ജെ.പിയുടെ റാം തഹല്‍ ചൗധരി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറിയതും സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കുര്‍മികളുടെ നേതാവാണ് ഇദ്ദേഹം.
ഇവയൊന്നും തെരഞ്ഞെടുപ്പില്‍ ഘടകമായില്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളും ബി.ജെ.പിക്ക് എളുപ്പമാവും.
ആള്‍ക്കൂട്ട ആക്രമണവും ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളും മിഷണറിമാര്‍ക്കെതിരെയുണ്ടായ ആക്രമണവും കുട്ടിക്കടത്തും ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സംഭവങ്ങളും, റാഞ്ചിയിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബംഗ്ലാദേശികളെ ബാധിച്ച എന്‍.ആര്‍.സിയും മുഖ്യമന്ത്രി രഘുബര്‍ ദാസിനെ പ്രതിരോധത്തിലാക്കുന്നുമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ