| Tuesday, 5th November 2019, 12:18 am

'രഘുബര്‍ ദാസാണ് ഇത്തവണത്തെ ഞങ്ങളുടെ വജ്രായുധം'; 65 സീറ്റുകളില്‍ വിജയിക്കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസാണ് ബി.ജെ.പിയുടെ വജ്രായുധമെന്ന് ബി.ജെ.പി നേതാവ് ഒ.പി മാഥുര്‍. 81 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 65 ഇടങ്ങളിലും വന്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.

രാജ്യസഭാംഗം ഒ.പി മാഥുറിനാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചുമതല. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രകടനത്തിന് ജനങ്ങള്‍ വോട്ട്‌ചെയ്യുമെന്നും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നും മാഥുര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം വോട്ടുകൊണ്ട് നന്ദി പറയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പിയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും വ്യത്യസ്തമാണെന്നും വ്യത്യസ്ത കാരണങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിക്കുകയെന്നുമായിരുന്നു മാഥുറിന്റെ പ്രതികരണം.

’65-ല്‍ അധികം സീറ്റുകളില്‍ വിജയിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. അത് നേടുമെന്ന് എനിക്കുറപ്പുണ്ട്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം രഘുബര്‍ ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാവും’, മാഥുര്‍ പറഞ്ഞു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലും രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുകളിലും പരാജയം രുചിച്ചതിന് പിന്നാലെ ഇനി വരുന്ന തെരഞ്ഞെടുപ്പുകളെ ശക്തമായി നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

നവംബര്‍ 20 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more