ചാനല്‍ ചര്‍ച്ചകളിലെ ബ്രഹ്മാസ്ത്രം ജാര്‍ഖണ്ഡ് പിടിക്കുമോ; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗൗരവ് വല്ലഭ് ആരാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

സംവാദങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും കോണ്‍ഗ്രസിന് വേണ്ടി സജീവമായി ഇടപെടുന്നത് വഴി രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഗൗരവ് വല്ലഭ്. ഗൗരവ് വല്ലഭിന് ലഭിച്ച ജനപ്രീതിയെ വോട്ടാക്കി മാറ്റാന്‍ കഴിയുമോ എന്ന ആലോചനയിലാണ് കോണ്‍ഗ്രസ്.

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗൗരവ് വല്ലഭിനെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ധനകാര്യ വിഷയങ്ങളില്‍ വിദഗ്ദനായ ഗൗരവ് വല്ലഭിന്റെ പേരാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാമത്.

ജംഷഡ്പൂരിലെ എക്സ്.എല്‍.ആര്‍.ഐ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ധനകാര്യ പ്രൊഫസറായിരുന്നു ഗൗരവ് വല്ലഭ്. ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റില്‍ ഡോക്ടറേറ്റും ഗൗരവ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ബാങ്കുകളുമായി സഹകരിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

അക്കാദമിക പാരമ്പര്യമുള്ളവരുടെ കുടുംബത്തിലാണ് ഗൗരവ് ജനിച്ചത്. കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന ആദ്യത്തെയാളാണ് ഗൗരവ് വല്ലഭ്. ഈ വര്‍ഷം ആദ്യമാണ് കോണ്‍ഗ്രസിന്റെ 10 വക്താക്കളില്‍ ഒരാളായി ഗൗരവിനെ തെരഞ്ഞെടുത്തത്.

ബി.ജെ.പിയുടെ പ്രമുഖ വക്താവായ സംബിത് പത്രയോട് ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടിയതോടെയാണ് ഗൗരവ് ജനശ്രദ്ധ നേടിയത്. സംസ്ഥാനത്ത് അഞ്ച് ഘട്ടങ്ങളിലായായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ ഏതുവിധേനയും ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.നവംബര്‍ 23ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 20ന് അവസാനിക്കും. ഡിസംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.