ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ബി.ജെ.പിയും അധികാരത്തിലെത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും അധികാരത്തിലെത്തിയെങ്കിലും തിരിച്ചടി നേരിട്ടത് ജാര്‍ഖണ്ഡിലെ ബി.ജെ.പി നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ട്. ദേശീയ വിഷയങ്ങളേക്കാള്‍ കൂടുതല്‍ പ്രാദേശിക വിഷയങ്ങള്‍ തന്നെയാണ് ജനങ്ങളെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന തിരിച്ചറിവും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രി രഘുബീര്‍ ദാസ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ അല്‍പ്പം ഭയത്തിലാണ്.
സംസ്ഥാനത്തെ വ്യവസായ മേഖലകളായ ജംഷഡ്പൂര്‍, ദന്‍ബാദ്, ബൊക്കോറോ, ജാസിദ്, റാഞ്ചി എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ജീവിത പ്രയാസങ്ങള്‍ക്കിടയിലാണ് ഇവിടത്തെ തൊഴിലാളികള്‍. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ന്നെന്നും ഇതിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായെന്നുമാണ് ഇവിടെ തൊഴിലാളികള്‍ കരുതുന്നത്. ഈ വികാരത്തെ എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് ബി.ജെ.പി
സംസ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്ന മുഖ്യമന്ത്രിമാരില്‍ ഭൂരിഭാഗം പേരും ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി രഘുബീര്‍ ദാസ് ഗോത്രവിഭാഗത്തില്‍ നിന്നുള്ളയാളല്ല. അതിനാല്‍ സംസ്ഥാനത്ത് 26 ശതമാനം വരുന്ന ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എങ്ങനെ സ്വന്തമാക്കും എന്ന പ്രശ്‌നവും ബിജെ.പിക്ക് മുന്നിലുണ്ട്.
ഇക്കുറി രണ്ട് സീറ്റുകളില്‍ മത്സരിക്കാനാണ് രഘുബീര്‍ ദാസ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബി.ജെ.പി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതിനിധീകരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്നും റാഞ്ചി അല്ലെങ്കില്‍ ധന്‍ബാദ് എന്നീ സീറ്റുകളില്‍ മത്സരിക്കാനാണ് ആലോചിക്കുന്നത്.
നേരത്തെ ജാര്‍ഖണ്ഡില്‍ 65 പ്ലസ് എന്ന പദ്ധതി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇത് വളരെ എളുപ്പത്തില്‍ നേടാം എന്നതായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം. എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ ഈ അഭിപ്രായത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് രഘുബര്‍ ദാസ് മറ്റൊരു സുരക്ഷിത മണ്ഡലം കൂടി അന്വേഷിക്കുന്നത്.