ഗോരക്ഷകര്‍ക്കെതിരെ ആദ്യ വിധി; ബി.ജെ.പി നേതാവ് അടക്കം 12 കുറ്റക്കാരെന്ന് കോടതി
National
ഗോരക്ഷകര്‍ക്കെതിരെ ആദ്യ വിധി; ബി.ജെ.പി നേതാവ് അടക്കം 12 കുറ്റക്കാരെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2018, 9:22 am

ജാര്‍ഖണ്ഡ്: ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് 55 കാരനായ മുസ്‌ലിം കച്ചവടക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് ഉള്‍പ്പടെ 12 പേര്‍ കുറ്റക്കാരെന്ന് കോടതി വിധി. ഇവര്‍ക്കുള്ള ശിക്ഷ മാര്‍ച്ച് 21 വിധിക്കുമെന്നും കോടതി പറഞ്ഞു.

ജീവപര്യന്തം ശിക്ഷകിട്ടാവുന്ന 302-ാം വകുപ്പിനു പുറമെ മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 12 പേരില്‍ മൂന്ന് പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. ഇത് തെളിഞ്ഞതായാണ് കോടതിയുടെ കണ്ടെത്തല്‍.


Read Also: സമരങ്ങളിലൂടെ വെടിവെയ്പ്പ് ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്; വയല്‍ക്കിളികളെ ജനങ്ങള്‍ കൈകാര്യം ചെയ്യും: ജി. സുധാകരന്‍


സന്തോഷ് സിംഗ്, ഛോട്ടു വര്‍മ, ദീപക് മിശ്ര, വിക്കി സോ, സിക്കന്ദര്‍ റാം, വിക്രം പ്രസാദ്, രാജു കുമാര്‍, രോഹിത്ത് ഠാക്കൂര്‍, പ്രാദേശിക ബി.ജെ.പി നേതാവായ നിത്യാനന്ദ് മഹ്‌തോ, കപില്‍ ഠാക്കൂര്‍, പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്.

ഗോരക്ഷകര്‍ കുറ്റക്കാരാണെന്ന രാജ്യത്തെ ആദ്യ കോടതി വിധിയാണിതെന്ന് അഡി.പബ്ലിക് പ്രൊസിക്യൂട്ടര്‍ സുഷീല്‍ കുമാര്‍ ശുക്ല പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് അസ്ഗര്‍ അലിയെന്ന കച്ചവടക്കാരനെ ഗോരക്ഷകര്‍ തല്ലിക്കൊന്നത്. അദ്ദേഹത്തിന്റെ കാറില്‍ ബീഫ് ഉണ്ടെന്ന സംശയമായിരുന്നു ആക്രമണത്തിന് കാരണം. ശേഷം അസ്ഗറിന്റെ കാറിന് തീവയ്ക്കുകയും ചെയ്തു.