റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച എം. എസ് ധോണിക്ക് വേണ്ടി വിടവാങ്ങല്‍ മത്സരം ഒരുക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. മത്സരത്തിന് ജാര്‍ഖണ്ഡ് ആതിഥേയത്വം വഹിക്കുമെന്നും സോറന്‍ പറഞ്ഞു.
ബീഹാറിലെ റാഞ്ചി (ഇന്നത്തെ ജാര്‍ഖണ്ഡ്) യിലാണ് ധോണി ജനിച്ചത്. ജന്മനാടിന്റെ ആദരമായി ധോണിക്ക് വിടവാങ്ങല്‍ മത്സരം നടത്തണമെന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടത്.
രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാന നിമിഷങ്ങള്‍ നല്‍കിയ മഹേന്ദ്ര സിംഗ് ധോണി നീല ജഴ്‌സി ധരിക്കുന്നത് ഇനി കാണാനാകില്ലെന്നും സോറന്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
‘രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാനത്തിന്റെയും ഉത്സാഹത്തിന്റെയും നിരവധി നിമിഷങ്ങള്‍ നല്‍കിയ മഹി ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എല്ലാവരുടെയും പ്രിയപ്പെട്ട, ജാര്‍ഖണ്ഡിന്റെ ചുവന്ന മാഹി നീല ജേഴ്‌സി ധരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ നാട്ടുകാരുടെ ഹൃദയം ഇതുവരെ നിറഞ്ഞിട്ടില്ല. റാഞ്ചിയില്‍ ഞങ്ങളുടെ മാഹിക്ക് വിടവാങ്ങല്‍ മത്സരം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സോറന്‍ ട്വീറ്റ് ചെയ്തു.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയിലൂടെയാണ് താരം നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്ക് പിന്നാലെ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്നാണ് ധോണിയെ വിശേഷിപ്പിക്കുന്നത്. ടി-20 ലോകകപ്പും ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിച്ച ഏക ക്യാപ്റ്റനും ധോണിയാണ്.
I wish to appeal to BCCI (Board of Control for Cricket in India) to hold a farewell match for MS Dhoni; Jharkhand would like to host it: Chief Minister Hemant Soren on Dhoni’s retirement from international cricket. pic.twitter.com/ZjvoIJkm4d