| Monday, 5th September 2022, 11:05 am

'ഇത്തരം കാര്യങ്ങള്‍ എല്ലായിടത്തും നടന്നുകൊണ്ടേയിരിക്കും'; ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ 14 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ധംക ജില്ലയിലായിരുന്നു സംഭവം.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. മുസാഫില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതിന്റെ പരിസരത്ത് വെച്ചായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി പത്ത് മാസം ഗര്‍ഭിണിയായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതി അര്‍മാന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി തന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചത്.

‘പെണ്‍കുട്ടി തന്റെ ബന്ധുവിന്റെ കൂടെ ധംക ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ച് ഇവര്‍ പ്രതിയുമായി സൗഹൃദത്തിലാവുകയും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ പ്രതിയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു,’ എന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ”ഇത്തരം കാര്യങ്ങള്‍ എല്ലായിടത്തും നടന്നുകൊണ്ടേയിരിക്കും, എവിടെയാണ് അത് നടക്കാത്തത്,” എന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രതികരിച്ചത്.

സംഭവത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഹേമന്ത് സോറന്‍ ഇക്കാര്യം പറഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയരുന്നുണ്ട്.

ജാര്‍ഖണ്ഡില്‍ ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബലാത്സംഗ കേസാണിത്.

Content Highlight: Jharkhand CM Hemant Soren’s reaction on a rape incident becomes controversy

We use cookies to give you the best possible experience. Learn more