| Friday, 20th October 2017, 6:33 pm

'മുഖ്യമന്ത്രിക്കെന്ത് ഹെല്‍മറ്റ്'; ദീപാവലി ആഘോഷത്തില്‍ ഹെല്‍മറ്റില്ലാതെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ബൈക്ക് യാത്ര; ന്യായീകരണവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തങ്ങളെ സംബന്ധിച്ച് ഇത് ശരിയല്ലെന്നാണ് ജാര്‍ഖണ്ഡിലെ ബി.ജെ.പി നേതൃത്വം പറയുന്നത്. റോഡപകടങ്ങളും സുരക്ഷയും ജനങ്ങള്‍ നോക്കിയാല്‍ മതിയെന്നും തങ്ങളെ ഇതൊന്നും ബാധിക്കുന്നതല്ലെന്ന രീതിയിലുമാണ് നേതാക്കളുടെ പുതിയ പ്രസ്താവനകള്‍ വരുന്നത്.

സംഭവം മറ്റൊന്നുമല്ല, ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ ദീപാവലി ആഘോഷവുമായി നടന്ന തങ്ങളുടെ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നതിനാണ് റോഡ് സുരക്ഷയിലും നിയമത്തിലും പുതിയ ഇളവുകളമായി ജാര്‍ഖണ്ഡിലെ ബി.ജെ.പി എത്തിയത്.


Also Read: ദല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍


ദീപാവലി ദിനത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്വന്തം മണ്ഡലവുമായ ജംഷഡ്പൂരിലായിരുന്നു മുഖ്യമന്ത്രിയുടെ ദീപാവലി ആഘോഷം. വ്യാഴാഴ്ച രാത്രി രഘുബര്‍ ദാസ് അനുയായികള്‍ക്കൊപ്പം മണിക്കൂറുകളോളം ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

സംഭവം വൈറലായതോടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്ത് പലരും വീഡിയോ പോസ്റ്റുചെയ്തതതോടെ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു.

മാധ്യമങ്ങള്‍ കാര്യങ്ങളെ ശരിയായ രീതിയില്‍ കാണണമെന്നും റോഡില്‍ വാഹനങ്ങളുടെ തിരക്കില്ലാത്ത സമയത്താണ് മുഖ്യമന്ത്രി ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിച്ചതെന്നുമാണ് ബി.ജെ.പി നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്നത്. നിരത്തില്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഹെല്‍മറ്റ് ധരിക്കേണ്ടുവെന്ന വാദമാണ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്.


Dont Miss: ഇരുപത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളെക്കാള്‍ പള്ളികളും മോസ്‌കുകളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറഞ്ഞത്; വിജയ്‌യുടെ മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി


നേരത്തെ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമങ്ങള്‍ തെറ്റിച്ച് ബൈക്കിലെത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

We use cookies to give you the best possible experience. Learn more