| Monday, 19th August 2024, 8:53 am

വിഷം കുത്തിവെച്ച് എം.എല്‍.എമാരെ ബി.ജെ.പി വേട്ടയാടുന്നു: ഹേമന്ത് സോറന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പി വേട്ടയാടുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഗുജറാത്ത്, അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവന്ന് വിഷം കുത്തിവെച്ച് ആദിവാസികളെയും ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും തമ്മില്‍ തല്ലിക്കുകയാണെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) നേതാവുമായ ചമ്പായ് സോറന്‍ പാര്‍ട്ടി വിട്ടതിനുപിന്നാലെയാണ് ഹേമന്ത് സോറന്റെ പ്രതികരണം.

ഹേമന്ത് സോറന്‍ ജയിലില്‍ മോചിതനായതിനെ തുടര്‍ന്ന് താത്കാലിക മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന ചമ്പായ് സോറന് ആ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടിരുന്നു. ഇതില്‍ ചമ്പായ് സോറന്‍ അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് വലിയ അവഗണനകളാണ് നേരിട്ടതെന്നും മുതിര്‍ന്ന നേതാവെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെതായ പരിഗണന പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും പാര്‍ട്ടി വിടുന്നതിന് തൊട്ടുമുമ്പ് ചമ്പായ് പ്രതികരിച്ചിരുന്നു.

ഈ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് ഹേമന്ത് സോറന്‍ രംഗത്തെത്തിയത്. രാഷ്ട്രീയക്കാരുടെ നിലപാടുകളെ നിശ്ചിത സമയത്തിനുള്ളില്‍ അട്ടിമറിക്കാന്‍ കഴിയുന്ന ആയുധം പണമാണെന്നും ഹേമന്ത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തെ മറന്നുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ വേട്ടയാടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഈ വര്‍ഷം അവസാനം നടക്കുമെന്ന് പറയുന്ന തെരഞ്ഞെടുപ്പിന്റെ തീയതി സംസ്ഥാനത്തെ പ്രതിപക്ഷമായ ബി.ജെ.പി ആയിരിക്കും തീരുമാനിക്കുകയെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്നും ഭരണഘടനാ സ്ഥാപനമായ കമ്മീഷനെ ബി.ജെ.പി കൈവശപ്പെടുത്തിയെന്നുമാണ് ഹേമന്ത് പറഞ്ഞത്.

വരാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചമ്പായ് സോറന്‍ ബി.ജെ.പിയിലെത്തുമെന്നാണ് സൂചന. ഇതിന് വേണ്ടി ബി.ജെ.പി നേതൃത്വവുമായി അദ്ദേഹം ചര്‍ച്ചയാരംഭിച്ചുവെന്നാണ് ജെ.എം.എം മുന്‍ എം.എല്‍.എ ലോബിന്‍ ഹെംബ്രോം അറിയിച്ചത്.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ ചമ്പായ് സോറന്‍ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനെയും പിന്നാലെ കൊല്‍ക്കത്തയിലെത്തി ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയേയും കണ്ടിരുന്നു. അതേസമയം തന്റെ എക്സ് അക്കൗണ്ട് ബയോയില്‍ നിന്ന് ചമ്പായ് സോറന്‍ ജെ.എം.എം നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘട്ശില സീറ്റില്‍ നിന്ന് മകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചമ്പായിയുടെ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉടലെടുത്തതെന്ന് ജെ.എം.എം വൃത്തങ്ങള്‍ പ്രതികരിക്കുകയും ചെയ്തു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജൂണ്‍ 28നാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് സോറന്‍ പുറത്തിറങ്ങിയത്. ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സോറനെ ജെ.എം.എം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് എന്ന നിലയില്‍ ജനുവരി 31നാണ് അറസ്റ്റ് ചെയ്തത്.

പിന്നാലെയാണ് ചമ്പായ് സോറന്‍ അധികാരത്തിലേറുന്നത്. ഹേമന്ത് സോറന്‍ ജാമ്യത്തിലിറങ്ങിയതോടെ അദ്ദേഹത്തിന് ലഭിച്ച താത്കാലിക മുഖ്യമന്ത്രി പദവി സ്ഥാനം നഷ്ടമാകുകയും ചെയ്തു.

Content Highlight: Jharkhand Chief Minister Hemant Soren says BJP is hunting its MLAs

We use cookies to give you the best possible experience. Learn more