ജാര്‍ഖണ്ഡില്‍ പാവപ്പെട്ടവര്‍ പട്ടിണി മൂലം മരിക്കുമ്പോള്‍; റേഷന്‍ പോലും നിഷേധിക്കപ്പെടുമ്പോള്‍, അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ കൈപ്പറ്റി  ബി.ജെ.പി നേതാവ്
national news
ജാര്‍ഖണ്ഡില്‍ പാവപ്പെട്ടവര്‍ പട്ടിണി മൂലം മരിക്കുമ്പോള്‍; റേഷന്‍ പോലും നിഷേധിക്കപ്പെടുമ്പോള്‍, അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ കൈപ്പറ്റി  ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 7:14 pm

റാഞ്ചി: ജാര്‍ഖണ്ഡില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 23 പട്ടിണി മരണങ്ങള്‍ നടന്നിട്ടുണ്ട്. ഒരു ഭാഗത്ത് അര്‍ഹരായ പാവങ്ങള്‍ക്ക് ക്ഷേമ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ മറുവശത്ത് ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ സമയാസമയം ആവശ്യമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്.

ഗിരിധ് ജില്ലയിലെ ബി.ജെ.പി വൈസ് പ്രിസഡന്റ് മഹാദേവ് ദുബെയ്ക്ക് മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്വാരന്റി ആക്ടിലെ ജോലി കാര്‍ഡിന് പുറമെ അന്ത്യോദയ കാര്‍ഡുമുണ്ട്. പ്രധാനമായും ബി.പി.എല്‍ കാര്‍ക്ക് നല്‍കുന്ന കാര്‍ഡ് ആണത്.

ബി.ജെ.പി നേതാവിന്റെ അതേ മണ്ഡലത്തിലാണ് പട്ടിണി മൂലം മരിച്ച സാവിത്രിയും താമസിച്ചിരുന്നത്. മൂന്നു ദിവസമായി പട്ടിണിയായിരുന്ന സാവിത്രിക്ക് റേഷന്‍ കാര്‍ഡേ ഇല്ലായിരുന്നു എന്നതാണ് ഇതിലെ തമാശ.

ദുബെയ്ക്ക് അര്‍ഹമല്ലാത്ത ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ സാവിത്രി മരിച്ചത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ ഫലമായാണ്.

കുടുംബക്കാരുടെ പേരിലുള്ള കാര്‍ഡ് പ്രകാരം ഒരു രൂപയ്ക്ക് 40 കിലോഗ്രാം അരിയാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. അതിനു പുറമേനിരവധി ധാന്യങ്ങളും ഇദ്ദേഹത്തിന് നല്‍കപ്പെടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തിടെ മരിച്ച സാവിത്രി ദേവിയുടെ അന്ത്യോദയ കാര്‍ഡിനായുള്ള അപേക്ഷ ഭക്ഷ്യ-ധാന്യ സപ്ലൈ വകുപ്പ് സ്വീകരിച്ചിരുന്നുപോലുമില്ല.

ദുബെയുടെ കാര്‍ഡിലെ കണക്കു പ്രകാരം എല്ലാ മാസവും കൃത്യമായി അദ്ദേഹം റേഷന്‍ വാങ്ങുന്നുണ്ട്. ബി.ജെ.പിയുടെ ഗിരിധ് ജില്ലാ പ്രസിഡന്റ് സുനില്‍ അഗര്‍വാളിനോട് വിഷയത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ തനിക്ക് ഈ വിഷയത്തില്‍ വ്യക്തതയില്ല എന്നാണ് പറഞ്ഞത്.

താന്‍ ഒരു എം.എന്‍.ആര്‍.ഇ.ജി.എ ജീവനക്കാരനാണെന്നും തനിക്ക് അന്ത്യോദയ കാര്‍ഡ് പ്രകാരം റേഷന്‍ ലഭിക്കുന്നുണ്ടെന്നും ദുബെ വ്യക്തമാക്കുന്നുണ്ട്. തന്റെ കുടുംബത്തിലെ വേറാര്‍ക്കും സര്‍ക്കാര്‍ ജോലി ഇല്ലെന്നും 15 അംഗ കുടുംബത്തില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൊഴില്‍, വീട്, ആളുകളുടെ എണ്ണം, ജീവിത സാഹചര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിശോധിച്ചാണ് റേഷന്‍കാര്‍ഡുകള്‍ നല്‍കുക. അതില്‍ തന്നെ അടിസ്ഥാനമനുസരിച്ച് കാര്‍ഡുകളും പലതാക്കി തിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമ്പോഴാണ് അര്‍ഹതയില്ലാത്തവര്‍ അത് കൈപ്പറ്റുന്ന കാഴ്ചയും കാണുന്നത്.