ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 'വിദ്വേഷ' ഉള്ളടക്കങ്ങള്‍ നീക്കാന്‍ നിര്‍ദേശം
national news
ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 'വിദ്വേഷ' ഉള്ളടക്കങ്ങള്‍ നീക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 11:21 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിനിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് നടപടി. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) എന്നീ പാര്‍ട്ടികള്‍ നല്‍കിയ പരാതിയിലാണ് നിര്‍ദേശം.

സംഭവത്തില്‍ ബി.ജെ.പി വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനുമാണ് ജാര്‍ഖണ്ഡില്‍ വിദ്വേഷ പ്രചരണം നടത്തിയത്.

ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജാര്‍ഖണ്ഡിലെ മദ്രസകളില്‍ അഭയം നല്‍കുന്നുവെന്നാണ് ജെ.പി. നദ്ദ ആരോപിച്ചത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഖ്യസര്‍ക്കാര്‍ ആധാര്‍, ഗ്യാസ് കണക്ഷന്‍, റേഷന്‍ കാര്‍ഡ്, ഭൂമി അടക്കം ഉറപ്പ് നല്‍കുന്നുവെന്നും നദ്ദ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്നാണ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്. സന്താലില്‍ ആദിവാസി ജനസംഖ്യ 44 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞെന്നും ചൗഹാന്‍ വാദിച്ചിരുന്നു.

തുടര്‍ന്ന് ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. നേതാക്കള്‍ സംസാരിക്കുന്നതിന്റെ വീഡിയോ ബി.ജെ.പി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡിന്റെ മുഖച്ഛായ മാറ്റും എന്ന അടിക്കുറിപ്പോട് കൂടിയാണ് ബി.ജെ.പി വിദ്വേഷപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചത്.

ഇതിനെതിരെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നത്.

അതേസമയം മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായിരുന്നു.

ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 20നും വോട്ടെണ്ണല്‍ 23 നും നടക്കും. 81 അംഗ നിയമസഭയിലേക്കാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ 43 മണ്ഡലത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.

Content Highlight: Jharkhand BJP orders to remove ‘hateful’ content spread on social media