റാഞ്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ പ്രചരണത്തിനായാണ് ഗാന്ധിജിയുടെ പടവും അദ്ദേഹത്തിന്റേതെന്ന പേരില്‍ ചില വാചകങ്ങളും കൂട്ടിച്ചേര്‍ത്ത് പരസ്യം നല്‍കിയത്.
കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് അഭിയാന്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കി ഗാന്ധിജിയെ ഉപയോഗിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന വിരുദ്ധ പ്രചരണത്തിനായി സംസ്ഥാനത്തെ എല്ലാ പത്രങ്ങളേയും ആദ്യപേജില്‍ ഫുള്‍പേജ് പരസ്യം നല്‍കി ഗാന്ധിജിയെ അപമാനിച്ചത്.
ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന മതപരിവര്‍ത്തനത്തെ ഗാന്ധിജി എന്നും എതിര്‍ത്തിരുന്നെന്നും ആദിവാസികളേയും ദളിതുകളേയും മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ശക്തമായ നിലപാട് അദ്ദേഹം എടുത്തിരുന്നു എന്നുമാണ് പരസ്യം പറഞ്ഞുവെക്കുന്നത്.
കയ്യില്‍ ഒരു വടിയും പിടിച്ച് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഗാന്ധിയുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ചിത്രവും പരസ്യത്തിനൊപ്പമുണ്ട്.
ഭഗവാന്‍ ബിര്‍സ മുണ്ട, കാര്‍ത്തിക് ഊരണ്‍ എന്നിവരുടെ സ്വപ്നം സാക്ഷാത്കരാത്തിനായി എന്നു പറഞ്ഞുകൊണ്ടാണ് പരസ്യവാചകം ആരംഭിക്കുന്നത്.
“”ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ മാത്രമേ രക്ഷപ്പെടാന്‍ കഴിയൂവെന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നില്‍ നിന്നോ മഹാദേവ് ദേശായിയെപ്പോലുള്ളവരില്‍ നിന്നോ അല്ലേ തുടങ്ങേണ്ടത്. എന്തുകൊണ്ടാണ് നിങ്ങള്‍ നിരക്ഷരരും പാവപ്പെട്ടവരും ആദിവാസികളുമായവരെ മതപരിവര്‍ത്തനത്തിനായി നിര്‍ബന്ധിക്കുന്നത്? ഈ ആളുകള്‍ക്ക് യേശുവും മുഹമ്മദും തമ്മില്‍ വ്യത്യാസമില്ല, നിങ്ങളുടെ പ്രസംഗങ്ങള്‍ മനസ്സിലാക്കാനും കഴിയില്ല. അവര്‍ പശുക്കളെപോലെ ഊമകളാണ്. ഇത്രയും ലളിത ജീവിതം നയിക്കുന്ന ദളിതരേയും ആദിവാസികളേയുമാണോ നിങ്ങള്‍ക്ക് മതപരിവര്‍ത്തനം നടത്തുന്നത്. ഇത് ഒരിക്കലും ക്രിസ്തുവിന് വേണ്ടിയല്ല. മറിച്ച് അരിയ്ക്കും വയറിനും വേണ്ടിയാണ്””- ഇതായിരുന്നു ഗാന്ധിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ച പരസ്യവാചകം.