| Saturday, 12th November 2022, 9:27 am

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 77 ശതമാനമാക്കി ജാര്‍ഖണ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: നിര്‍ണായകമായ രണ്ട് ബില്ലുകള്‍ ഐക്യകണ്‌ഠേന പാസാക്കി ജാര്‍ഖണ്ഡ് നിയമസഭ. ആദ്യത്തെ ബില്‍ വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒഴിവുള്ള സര്‍ക്കാര്‍ ജോലികളിലേക്കുള്ള സംവരണം 77 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതാണ്. രണ്ടാമത്തേത് തദ്ദേശവാസികള്‍ക്ക് സ്ഥിര താമസക്കാരാണെന്ന് അവകാശത്തിനുള്ള തെളിവായി 1932 ലെ ഭൂരേഖ പരിധിയായി നിശ്ചയിച്ചുകൊണ്ടുള്ള ബില്ലാണ്.

ജുഡീഷ്യല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ബില്ലുകള്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളുവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്കുള്ള സംവരണം 60ല്‍നിന്ന് 77 ആക്കി ഉയര്‍ത്തി, ജാര്‍ഖണ്ഡ് റിസര്‍വേഷന്‍ ഓഫ് വേക്കന്‍സീസ് ഇന്‍ പോസ്റ്റ് ആന്‍ഡ് സര്‍വിസസ് ആക്ട് 2001 ഭേദഗതി പാസാക്കിയത്.

മന്ത്രിസഭ മുന്നോട്ടുവെച്ച ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികളും അസംബ്ലി കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തണമെന്ന നിര്‍ദേശവും സഭ തള്ളി.

ഭേദഗതി ബില്‍ പ്രകാരം പട്ടികജാതിക്കാര്‍ക്ക് 12 ശതമാനം, പട്ടികവിഭാഗത്തിന് 28 ശതമാനം, പിന്നാക്ക വിഭാഗത്തിന് (ഇ.ബി.എസ്) 15 ശതമാനം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി) 12 ശതമാനം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം എന്നിങ്ങനെയാണ് സംവരണം ലഭിക്കുക. നിലവില്‍ പട്ടികജാതിക്കാര്‍ക്ക് 10 ശതമാനവും പട്ടികവിഭാഗത്തിന് 26 ശതമാനവുമാണ് സംവരണം ലഭിച്ചിരുന്നത്.

എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലും കോളേജുകളിലും ഈ സംവരണം ബാധകമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടാമത്തെ ബില്‍ തദ്ദേശ വാസികള്‍ക്ക് അവരുടെ ഭൂമിയില്‍ അവകാശങ്ങളും, ആനുകൂല്യങ്ങളും മുന്‍ഗണനയും നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. 1932ലെ ഭൂരേഖ അടിസ്ഥാനമാക്കിയുള്ള ബില്‍ തദ്ദേശ വാസികള്‍ക്കും, ആദിവാസി സമൂഹത്തിനും പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ്.

1932ന് മുമ്പും ശേഷവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് അതായത് പഴയ ബിഹാറിലേക്ക് കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ജാര്‍ഖണ്ഡിന്റെ പ്രാദേശികതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആയതിനാല്‍ തദ്ദേശീയര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നിര്‍വചിക്കുന്ന ഈ ബില്‍ നിര്‍ബന്ധിത ആവശ്യകതയായാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

ജാര്‍ഖണ്ഡില്‍ സംസ്ഥാന ജനസംഖ്യയുടെ 65 ശതമാനത്തിലധികം ഒ.ബി.സി, എസ്.ടി വിഭാഗങ്ങളാണ്. ഭേദഗതിയെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സുരക്ഷാ കവചം എന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിശേഷിപ്പിച്ചത്.

Content Highlight: Jharkhand Assembly raises Reservation quota to 77% and 1932 land records to fix domicile status

We use cookies to give you the best possible experience. Learn more