|

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് മത്സരിക്കാന്‍ മടിക്കില്ലെന്ന് ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മടിക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമ്പോള്‍ 12ല്‍ കുറഞ്ഞ സീറ്റുകള്‍ സ്വീകാര്യമല്ലെന്നും അതിനാല്‍ തന്നെ ഒറ്റയ്ക്ക് മത്സരിക്കാന്‍ മടിയില്ലെന്നുമാണ് ആര്‍.ജെ.ഡി നേതാവ് പറഞ്ഞത്.

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ യു.പി.എ സഖ്യം സീറ്റ് വിഭജനത്തെ സംബന്ധിച്ച് അന്തിമ ധാരണയിലേക്ക് പോവുന്നതിനിടെയാണ് ആര്‍.ജെ.ഡി സമ്മര്‍ദം ശക്തമാക്കിയത്.

ആറ് സീറ്റുകളാകും നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യം ആര്‍.ജെ.ഡിക്ക് നല്‍കുക എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.ജെ.ഡിക്ക് 12 സീറ്റുകളില്‍ കുറയുന്നത് പാര്‍ട്ടിക്ക് സ്വീകാര്യമല്ലെന്നും 12 സീറ്റെങ്കിലും വേണമെന്നും ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇന്ത്യ സഖ്യത്തിനെ തകര്‍ക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ആര്‍.ജെ.ഡി നേതാവ് പറഞ്ഞു.

നവംബര്‍ 13ന് നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശം ആരംഭിച്ചതിനിടെയാണ് സഖ്യത്തില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ആര്‍.ജെ.ഡിക്ക് പിന്നാലെ ഇടതുപക്ഷ പാര്‍ട്ടികളും മാന്യമായ സീറ്റ് വിഭജനം തന്നെ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

ജെ.എം.എമ്മിന്റെയും കോണ്‍ഗ്രസിന്റയും സീറ്റുകള്‍ പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കുമെന്നും അതിനു ശേഷം തങ്ങളുടെ ശക്തി കേന്ദ്രമായ 19 മണ്ഡലങ്ങളിലേക്കുള്ള സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും ആര്‍.ജെ.ഡി അറിയിച്ചു.

എന്നാല്‍ സീറ്റ് വിഭജനത്തെ സംബന്ധിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനോടും എക്‌സിക്യൂട്ടീവ് പ്രസിഡന്റ് തേജസ്വി യാദവിനോടും ചര്‍ച്ച നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയെന്നും അവര്‍ മൂന്നോ നാലോ സീറ്റുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും ഇത് സ്വീകാര്യമല്ലെന്നും ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു.

കോണ്‍ഗ്രസ്സും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിക്കുന്ന സഹചര്യത്തില്‍ മറ്റ് കക്ഷികള്‍ക്ക് 81 സീറ്റുകളില്‍ 11 സീറ്റുകള്‍ മാത്രമാണ് നീക്കി വെച്ചിട്ടുള്ളത്.

70 സീറ്റുകള്‍ ജെ.എം.എമ്മും കോണ്‍ഗ്രസും വീതിച്ചെടുക്കുമെന്നും ബാക്കി വരുന്ന സീറ്റുകള്‍ ആര്‍.ജെ.ഡിക്കും ഇടത് പാര്‍ട്ടികള്‍ക്കും നല്‍കുമെന്നും ഹേമന്ത് സോറന്‍ പറഞ്ഞിരുന്നു.

Content Highlight: Jharkhand assembly elections: RJD won’t hesitate to contest alone