| Tuesday, 12th November 2019, 12:31 pm

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക് പ്രതിസന്ധി; ബി.ജെ.പി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സഖ്യകക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായ ശിവസേനയില്‍ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെ ജാര്‍ഖണ്ഡിലും സീറ്റ് തര്‍ക്കത്തില്‍ വലഞ്ഞ് ബി.ജെ.പി.

സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ബി.ജെ.പി സഖ്യകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍(എ.ജെ.എസ്.യു), എല്‍.ജെ.പി എന്നീ കക്ഷികളില്‍ നിന്നാണ് പാര്‍ട്ടി വെല്ലുവിളി നേരിടുന്നത്.

ബി.ജെ.പി അവരുടെ സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ചക്രധര്‍പൂര്‍ നിയമസഭാ സീറ്റില്‍ ബി.ജെ.പി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാര്‍ഖണ്ഡില്‍ മത്സരിക്കാന്‍ 19 സീറ്റുകള്‍ വേണമെന്ന് എ.ജെ.എസ്.യു ആവശ്യപ്പെട്ടെങ്കിലും ഒമ്പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറല്ലെന്നാണ് ബി.ജെ.പി അറിയിച്ചത്.

എ.ജെ.എസ്.യു ഇതിനകം 12 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ സിമാരിയ, സിന്ധ്രി, മണ്ടു, ചക്രധര്‍പൂര്‍ എന്നീ നാല് മണ്ഡലങ്ങളില്‍ ബി.ജെ.പിയും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യുന്നതില്‍ ബി.ജെ.പിയെ വലക്കുന്ന മറ്റൊരു ഘടകം എല്‍.ജെ.പിയുടെ നിലപാടാണ്. ഇത്തവണ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാണ് എല്‍.ജെ.പിയുടെ നീക്കം.

2014 ല്‍ രാം വിലാസ് പസ്വാന്റെ എല്‍.ജെ.പിക്ക് ഒരു സീറ്റായിരുന്നു ബി.ജെ.പി നല്‍കിയത്. അവിടെ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാണ് ഇവിടെ പാര്‍ട്ടിയെ നയിക്കുന്നത്.

52 പേരുടെ ആദ്യ പട്ടിക ഞായറാഴ്ച പുറത്തിറക്കിയ ശേഷം രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത് ബി.ജെ.പി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇരൂകുട്ടര്‍ക്കും സ്വീകാര്യമാകുന്ന രീതിയിലുള്ള ഫോര്‍മുല കണ്ടെത്താന്‍ എ.ജെ.എസ്.യുമായി ബി.ജെ.പി ചര്‍ച്ചകള്‍ തുടരുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ജര്‍മുണ്ടി, നള, ഹുസൈനാബാദ്, ബാര്‍കഗാവ്, ലതേഹര്‍, പങ്കി എന്നീ ആറ് സീറ്റുകളില്‍ എല്‍.ജെ.പി മത്സരിക്കണമെന്നാണ് ബി.ജെ.പി നല്‍കിയ നിര്‍ദേശം. എന്നാല്‍ 37 സീറ്റുകളെങ്കിലും തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് എല്‍.ജെ.പി സ്വീകരിച്ചത്.

ബിജെപിയുടെ മുഖ്യമന്ത്രി രഘുബാര്‍ ദാസ് ജംഷദ്പൂരില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പില്‍ 72 സീറ്റില്‍ ബി.ജെ.പിയും എ.ജെ.എസ്.യു എട്ട് സീറ്റിലും എല്‍.ജെ.പി ഒരു സീറ്റിലുമായിരുന്നു മത്സരിച്ചത്. 37 സീറ്റുകളില്‍ ബി.ജെ.പിയും അഞ്ച് സീറ്റുകളില്‍ എ.ജെ.എസ്.യുവും ഇവിടെ വിജയിച്ചിരുന്നു.

കോണ്‍ഗ്രസ് 31 സീറ്റുകളിലും സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 43 സീറ്റിലും ബാക്കി സീറ്റില്‍ ആര്‍.ജെ.ഡിയും മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം മേധാവിയുമായ ഹേമന്ത് സോറനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.

We use cookies to give you the best possible experience. Learn more