ന്യൂദല്‍ഹി: ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ സൗകര്യങ്ങളിലെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
എന്‍.ജി.ഒകളായ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഐ.എഫ്.എം.ആര്‍ ലെഡുമാണ് സൂചിക തയ്യാറാക്കിയത്. ആരോഗ്യകരമായ വ്യക്തി വികസനം, പോസിറ്റീവ് ബന്ധങ്ങള്‍, സംരക്ഷണ സാഹചര്യങ്ങള്‍ എന്നിവയിലൂടെയുള്ള ശിശുക്ഷേമമാണ് പഠന വിധേയമാക്കിയത്.
ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പ്രകടനം വിലയിരുത്തുകയും ശിശുക്ഷേമത്തില്‍ മാര്‍ക്ക് തയ്യാറാക്കുകയും ചെയ്തു. കേരളത്തിന് .76 മാര്‍ക്കാണ്. തമിഴ്‌നാടും ഹിമാചല്‍ പ്രദേശുമാണ് മികവില്‍ കേരളത്തിന് തൊട്ടുപിന്നില്‍. .67 ആണ് ഈ സംസ്ഥാനങ്ങളുടെ സ്‌കോര്‍.
‘കുട്ടികള്‍ക്ക് ആരോഗ്യകരമായ തുടക്കം നല്‍കിക്കൊണ്ട് കേരളമാണ് സൂചികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. ഒപ്പം അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ലഭ്യമാകുന്നുണ്ട്.’ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോഷകാഹാരക്കുറവിനെ മറികടക്കാനും ആരോഗ്യകരമായ ചുറ്റുപാട്, ശുദ്ധജലം, ശൗചാലയങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് ഉറപ്പുവരുത്താനും കേരളം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാര്‍ഖണ്ഡിനെ സംബന്ധിച്ച് കുട്ടികളുടെ അതിജീവനം, പോഷകാഹാരം, ജല ലഭ്യത, തുടങ്ങിയ മേഖലകളില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.