| Friday, 28th June 2024, 12:50 pm

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ആറ് മാസങ്ങൾക്ക് ശേഷം ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മുൻ  മുഖ്യമന്ത്രി ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ആറ് മാസമായി അദ്ദേഹം റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലായിരുന്നു.

അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിനാലാണ് ജാമ്യം ലഭിച്ചതെന്ന് ഹേമന്തിന്റെ അഭിഭാഷകൻ അരുണാഭ ചൗധരി പറഞ്ഞു.

‘സോറന് ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനല്ലെന്നും ജാമ്യത്തിലിരിക്കുമ്പോൾ ഹരജിക്കാരൻ കുറ്റം ചെയ്യാനുള്ള സാധ്യതയില്ലെന്നും കോടതി വിലയിരുത്തി,’ സോറന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More : മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു: തകർന്നത് മൂന്ന് മാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളം

2024 ജനുവരി 31നാണ് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് സോറന്റെ അഭിഭാഷകൻ പറഞ്ഞു. ഒപ്പം സോറൻ അന്യായമായി ഉന്നം വെക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിൽ 8 .86 ഏക്കർ ഭൂമി സ്വന്തമാക്കാൻ അദ്ദേഹം തന്റെ പദവി ദുരുപയോഗം ചെയ്‌തെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. അനധികൃത ഭൂമി ഇടപാടിൽ സോറന്റെ പങ്ക് സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇ.ഡി പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ മാറ്റുന്നതിന് ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കാൻ മുൻ മുഖ്യമന്ത്രി തന്നോടാവശ്യപ്പെട്ടിരുന്നെന്ന് സോറന്റെ മീഡിയ കൺസൾട്ടന്റ് അഭിഷേക് പ്രസാദ് സമ്മതിച്ചിരുന്നു.

Content Highlight: jharghand high court has granted bail to formar chief minister hemanth soran

We use cookies to give you the best possible experience. Learn more