| Thursday, 21st November 2024, 7:55 am

യു.പിയിലെ തീപിടിത്തത്തില്‍ പൊളളലേറ്റ മൂന്ന് നവജാത ശിശുക്കള്‍ കൂടി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ഇതോടെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ മരണം 15 ആയി വര്‍ധിച്ചു.

തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി ചികിത്സയിലായിരുന്ന 39 കുട്ടികളില്‍ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് കുട്ടികള്‍ ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച വൈകുന്നേരത്തിനും ഇടയിലായി മരണപ്പെടുകയായിരുന്നെന്ന് മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നരേന്ദ്ര സിങ് സെന്‍ഗാര്‍ പറഞ്ഞു.

രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും സെന്‍ഗാര്‍ അറിയിച്ചു. ജനിക്കുമ്പോള്‍ 800 ഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

49 കുട്ടികള്‍ ചികിത്സയിലിരിക്കെയാണ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നാലെ പത്ത് നവജാതശിശുക്കള്‍ അന്നേദിവസം തന്നെ മരണപ്പെട്ടിരുന്നു.

ഗുരുതരമായി പൊള്ളലേറ്റതും ശ്വാസം തടസവുമായിരുന്നു മരണകാരണം. മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഝാന്‍സി മെഡിക്കല്‍ കോളേജിലുണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു. അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരും ആരോഗ്യ വകുപ്പും എന്ത് നടപടി സ്വീകരിച്ചുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്.

പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

നവംബര്‍ 17നാണ് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ കമ്മീഷന് മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരും ഉത്തര്‍പ്രദേശ് പൊലീസും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.

അപകടത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഗൂഢാലോചനയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്വിച്ച് ബോര്‍ഡില്‍ നിന്നുണ്ടായ തീപ്പൊരിയെത്തുടര്‍ന്നാണ് അഗ്‌നിബാധയുണ്ടായതെന്നാണ് രണ്ടംഗ അന്വേഷണ സമിതി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

മെഡിക്കല്‍ ഉപകരണങ്ങള്‍ പൊതിഞ്ഞ് സുക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളിലേക്ക് സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള തീപ്പൊരി പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടസമയത്ത് എന്‍.ഐ.സി.യുവില്‍ ആറ് നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും രണ്ട് വനിതാ ഡോക്ടര്‍മാരും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Jhansi fire: Death toll rises to 15 as 3 more children succumb to injuries

Latest Stories

We use cookies to give you the best possible experience. Learn more