| Wednesday, 20th March 2024, 12:04 pm

ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂതൻമാർ ഇസ്രഈലിനെ വെറുക്കുന്നവർ; ട്രംപ് വീണ്ടും വിവാദത്തിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂയോർക്ക്: ഇസ്രഈലിനെയും അവരുടെ മതത്തെയും വെറുക്കുന്നവരാണ് ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂതൻമാരെന്ന വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ തീരുമാനിച്ചതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശം.

ഇസ്രഈൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഗസാ യുദ്ധം കൈകാര്യം ചെയ്യുന്നതിൽ പിഴവ് പറ്റിയെന്ന ഡെമോക്രാറ്റുകളുടെ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ടി.വി ഇന്റർവ്യൂവിലൂടെ ട്രംപ് പ്രതികരിച്ചത്.

‘ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും അവരുടെ മതത്തെ വെറുക്കുന്നു. ഇസ്രഈലിനെക്കുറിച്ചുള്ള എല്ലാ കാര്യത്തെയും അവർ വെറുക്കുന്നു. അവർ സ്വയം ലജ്ജിക്കണം. കാരണം ഇസ്രഈൽ നശിപ്പിക്കപ്പെടും,’ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഈ പ്രകോപനത്തിന് കാരണം അമേരിക്കയിലെ ജൂതൻമാരിൽ ഭൂരിഭാഗവും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നുവെന്നതാണ്. ട്രംപിന്റെ പ്രസ്താവന വിവാദമായതോടെ ജൂത നേതാക്കളും വൈറ്റ് ഹൗസ് വക്താവും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

ട്രംപിന്റെ പരാമർശം നികൃഷ്ടവും ജൂതവിരുദ്ധവുമാണെന്നും വൈറ്റ് ഹൗസ് വക്താവായ ആൻഡ്രൂ ബേറ്റ്സ് വിവാദത്തിൽ പ്രതികരിച്ചു.

പൗരൻമാരെ ഭീക്ഷണിപ്പെടുത്തുന്ന തരത്തിൽ വ്യാജമായ പ്രചരണം നടത്തുന്നതിൽ നീതികരണമില്ലെന്നാണ് ട്രംപിന്റെ പേരെടുത്തു പറയാതെ അദ്ദേഹം വിമർശിച്ചത്.

ബൈഡൻ പ്രചാരണ സമിതി വക്താവ് ജയിംസ് സിങർ, നവംബറിൽ ട്രംപ് വീണ്ടും പരാജയപ്പെടുമെന്നും അന്ന് രാജ്യത്ത് ഏറ്റവും ലജ്ജിക്കുന്ന ഒരേയൊരു വ്യക്തി അദ്ദേഹമായിരിക്കുമെന്നും വിമർശിച്ചു.

Content Highlight: Jews who vote for Democrats hate Israel; Trump is in controversy again

Latest Stories

We use cookies to give you the best possible experience. Learn more