ഗാസ: ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി ഒരു കൂട്ടം ജൂതര്‍ രംഗത്ത്. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രാഈലിന്റെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയാണ് നിരവധി ജൂതര്‍ വിവിധ രാജ്യങ്ങളില്‍ തെരുവില്‍ ഒത്തുകൂടിയത്.
ന്യൂയോര്‍ക്കിലും സ്‌കോട്ട്‌ലണ്ടിലുമടക്കമുള്ള ജൂത മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമാണ് ഫലസ്തീന് പിന്തുണയുമായി രംഗത്തെത്തിയത്.
പലയിടങ്ങളിലും ഫലസ്തീനികളെ പിന്തുണച്ച് ജൂതര്‍ റാലി സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
‘ഫലസ്തീനിന്റെ ചെറുത്ത് നില്‍പ്പിന്റെ സൗന്ദര്യവും ദൃഢനിശ്ചയവും ശക്തിയും കാണുമ്പോള്‍ അതിശയം തോന്നുന്നു’വെന്നാണ് ന്യൂയോര്‍ക്കില്‍ പങ്കെടുത്ത ഒരു ജൂത നേതാവ് പറഞ്ഞത്.
‘അടിച്ചമര്‍ത്തപ്പെടുന്നിടത്തു നിന്നും ചെറുത്ത് നില്‍പ്പുകള്‍ ഉയരട്ടെ’, ‘സയണിസ്റ്റ് വിരുദ്ധ ജൂതര്‍ ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നു’ തുടങ്ങിയ ബാനറകളുമേന്തിയാണ് നിരവധി പേര്‍ ന്യൂയോര്‍ക്കിലെ റാലിയില്‍ പങ്കെടുത്തത്.
‘ഏറ്റവും കുറഞ്ഞത് ബഹിഷ്‌ക്കരണം, ഉപരോധം എന്നിവയിലൂടെ സമാധാനപരമായി ചെറുക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ പിന്തുണയ്ക്കുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത്,’ എന്നാണ് മറ്റൊരു ജൂത ആക്ടിവിസ്റ്റ് പറഞ്ഞത്.
‘ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുക എന്നാല്‍ മനുഷ്യത്വത്തിനൊപ്പം നില്‍ക്കുക എന്നാണ് അര്‍ത്ഥ’മെന്നും റാലിയില്‍ പങ്കെടുത്ത ജൂതര്‍ പറയുന്നു.
ജര്‍മനിയും ബ്രിട്ടണുമുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഫലസ്തീനെ അനുകൂലിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിവിധ രാജ്യങ്ങളിലായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇസ്രാഈല്‍ നടപടിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം അമേരിക്കയും ജര്‍മനിയും ഔദ്യോഗികമായി ഇസ്രാഈലിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ച് റാലികള്‍ നടത്തിയിരുന്നു.
ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ 58 കുട്ടികള്‍ ഉള്‍പ്പെടെ 198 പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഇസ്രാഈല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.
നേരത്തെ കെട്ടിടം ഒഴിയാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ്സ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ഇസ്രാഈല്‍ ബോംബിട്ട് നശിപ്പിച്ചിരുന്നു.
ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക