'വെടിനിര്‍ത്തണം ജൂതര്‍മാര്‍ ആവശ്യപ്പെടുന്നു'; യു.എസ് ക്യാപിറ്റോളിന് മുന്നില്‍ പ്രതിഷേധം
World News
'വെടിനിര്‍ത്തണം ജൂതര്‍മാര്‍ ആവശ്യപ്പെടുന്നു'; യു.എസ് ക്യാപിറ്റോളിന് മുന്നില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 1:47 pm

വാഷിങ്ടണ്‍: ഇസ്രഈല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എസ് ക്യാപിറ്റോളിന് മുന്നില്‍ ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. 300 ഓളം പ്രതിഷേധക്കാരെ അറസ്സ് ചെയ്ത് നീക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധ പ്രകടനങ്ങള്‍ കാരണമുണ്ടായ തടസ്സത്തെ തുടര്‍ന്ന് യു.എസ്. ക്യാപിറ്റോളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ‘വെടിനിര്‍ത്തണം’, ‘ജൂതര്‍ പറയുന്നു ഗസയില്‍ വെടിനിര്‍ത്തണം’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ജൂതസംഘടനകള്‍ ഉള്‍പ്പടെ വിവിധ സംഘടനകളാണ് ക്യാപിറ്റോളിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഗസയിലെ ആശുപത്രിയിലെ ബോംബാക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രതിഷേധം നടന്നത്.

പ്രതിഷേധത്തിന് മുന്നോടിയായി ക്യാപിറ്റോളിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ക്യപിറ്റോള്‍ ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചു. യു.എസ് ക്യാപിറ്റോളിനുള്ളില്‍ പ്രതിഷേധങ്ങള്‍ അനുവദനീയമല്ലെന്ന് യു.എസ് ക്യാപിറ്റോള്‍ പൊലീസ് അറിയിച്ചു. 300 ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ചയുടെ തുടക്കത്തില്‍ സമാനമായ പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നില്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി വന്‍തോതിലുള്ള അറസ്റ്റ് നടന്നിരുന്നു.

ഒക്ടോബര്‍ എഴിന് യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ യുദ്ധത്തിനെതിരായി പ്രതിഷേധം അരങ്ങേറുന്നുണ്ട്.

ക്യാപിറ്റോള്‍ സമുച്ചയത്തില സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും. പ്രതിഷേധക്കാരെ ക്യാപിറ്റോളില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതായും യു.എസ് ക്യാപിറ്റോള്‍ പൊലീസ് അറിയിച്ചു.

ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ആശുപത്രിയിലെ ബോംബാക്രമണത്തിനു പിന്നാലെ അറബ് നേതാക്കള്‍ ബൈഡനുമായുള്ള കൂടികാഴ്ച റദ്ദാക്കിയിരുന്നു.

 

content highlight: Jews protested near US capitol demanding cease fire Israel-hamas war