ജൂതവിശ്വാസികള്‍ക്ക് ശല്യമാവുന്നു; പള്ളികളിലെ വാങ്കുവിളി നിരോധിക്കാനൊരുങ്ങി ഇസ്രഈല്‍
World News
ജൂതവിശ്വാസികള്‍ക്ക് ശല്യമാവുന്നു; പള്ളികളിലെ വാങ്കുവിളി നിരോധിക്കാനൊരുങ്ങി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 4:21 pm

ടെല്‍ അവീവ്: ഗസയില്‍ വംശഹത്യ തുടരുന്നതിനിടെ ഇസ്രഈലിലെ മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ഇസ്രഈല്‍ ഭരണകൂടം. ശബ്ദമലീനീകരണം ആരോപിച്ച് ഇസ്രഈലിലെ മുസ്‌ലിം പള്ളികളിലെ വാങ്കുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഇസ്രഈല്‍ മന്ത്രി ബെന്‍ ഗ്വിര്‍.

ജെറുസലേമിലടക്കമുള്ള ജൂതമത വിശ്വാസികള്‍ക്ക് ശല്യം ആകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വാങ്കുവിളിയെ നിരോധിക്കാന്‍ മന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയത്. ഉത്തരവ് ലംഘിക്കുന്ന പള്ളികള്‍ക്ക് മേല്‍ പിഴ ചുമത്താനും ഉച്ചഭാഷിണികള്‍ കണ്ടുകെട്ടാനും നിര്‍ദേശമുണ്ട്.

‘ പാശ്ചാത്യ രാജ്യങ്ങളില്‍ എല്ലാം തന്നെ എന്തിന് അറബ് രാജ്യങ്ങളില്‍ പോലും ശബ്ദമലീനികരണം കാരണം വാങ്കുവിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇസ്രഈലില്‍ മാത്രമാണ് ഇത് ഇതുവരെ നടപ്പിലാക്കാതിരുന്നത്,’ ബെന്‍ ഗ്വിറിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ അറബ് സമൂഹത്തില്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അല്‍ അഖ്‌സ പള്ളിയില്‍ കലാപം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം ബെന്‍ ഗ്വിര്‍ ഭിന്നിപ്പുകള്‍ ഉണ്ടാക്കി പള്ളികള്‍ ലക്ഷ്യമിടുകയാണ്. ബെന്‍ ഗ്വിര്‍ മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്തത്തെ തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്. യുണൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മന്‍സൂര്‍ അബ്ബാസ് പറഞ്ഞു.

പലപ്പോഴും ഇസ്‌ലാമിക വിശ്വാസങ്ങളെ എതിര്‍ത്തിരുന്ന ഇസ്രഈലിലെ തീവ്രവലതുപക്ഷ മന്ത്രിയാണ് ബെന്‍ ഗ്വിര്‍. 2013ല്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ ബെന്‍ ഗ്വിറും ചില തീവ്ര വലതുപക്ഷ പ്രവര്‍ത്തകരും ചേര്‍ന്ന് വാങ്കുവിളിയുടെ സമയത്ത് ടെല്‍ അവീവിന് സമീപമുള്ള റാമത്ത് അവീവിലെ താമസക്കാരെ ശല്യം ചെയ്തിരുന്നു.

2017ല്‍, മതപരമായ ആവശ്യങ്ങള്‍ക്കായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ മുഅസിന്‍ ബില്‍ എന്ന പേരില്‍ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രാഥമിക വോട്ടെടുപ്പിന് ശേഷം ഇത് ഒഴിവാക്കുകയായിരുന്നു.

Content Highlight: Jews are getting irritated; Israel is about to ban chanting in mosques