ജറുസലേം: വിദ്വേഷത്തിനും വിവേചനത്തിനുമെതിരെയുള്ള ഇസ്രാഈല്‍ കാമ്പെയ്‌ന്റെ ഭാഗമായി ജൂതരും അറബികളും ചുംബിക്കുന്ന വീഡിയോ. ഇസ്രഈലി യുവതിയും ഫലസ്തീന്‍ യുവാവും തമ്മിലുള്ള പ്രണയകഥ പറയുന്ന നോവല്‍ നിരോധിച്ച ഇസ്രഈലി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് വീഡിയോ പുറത്തിറക്കിയത്.
ടൈം ഔട്ട് ടെല്‍ അവിവ് എന്ന മാഗസീന്‍ ആണ് “ജ്യൂസ് ആന്റ് അറബ് കിസ്” എന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഡോറിത് റാബിന്‍യാന്റെ “ബോര്‍ഡര്‍ലൈഫ്” എന്ന പുസ്തകമാണ് വിദ്യാഭ്യാസ മന്ത്രാലയം സാഹിത്യകരിക്കുലത്തില്‍ നിന്നും ഒഴിവാക്കിയത്.
“പ്രത്യേക വ്യക്തിത്വത്തിന് ഭീഷണി”യായി രക്ഷിതാക്കള്‍ വിലയിരുത്തുമെന്നു കരുതിയാണ് നോവല്‍ നിരോധിക്കുന്നതെന്നായിരുന്നു വിശദീകരണം. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
“ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ്. മതവും ദേശീയതയുമെല്ലാം ഒന്നുകില്‍ സ്വയം തെരഞ്ഞെടുക്കുന്നത് അല്ലെങ്കില്‍ പിന്മുറക്കാര്‍ തെരഞ്ഞെടുത്തത് ആണ്.” ടൈം ഔട്ട് ടെല്‍ അവിവ് എഴുതുന്നു.
പുരുഷനും സ്ത്രീയും, പുരുഷ സ്വവര്‍ഗാനുരാഗികള്‍ എന്നിങ്ങനെ ആറ് ദമ്പതികളെ ഉള്‍പ്പെടുത്തിയാണ് മാഗസിന്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ചിലര്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവരാണ്. എല്ലാവരും ക്യാമറയ്ക്ക് മുമ്പില്‍ ചുംബിക്കുന്നതാണ് വീഡിയേ.
“ശത്രുക്കളാവാന്‍ ജൂതരും അറബികളും തയ്യാറല്ല” എന്ന സന്ദേശം വീഡിയോയില്‍ ഇംഗ്ലീഷിലും ഹീബ്രുവിലും അറബിയിലും എഴുതിയിട്ടുണ്ട്.
ബുധനാഴ്ച പുറത്തിറങ്ങിയ വീഡിയോ ഇതിനകം രണ്ടുലക്ഷത്തിലേറെപ്പേര്‍ കണ്ടു കഴിഞ്ഞു. അതിനിടെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ പിന്നീട് അപ്രത്യക്ഷമായത് വാര്‍ത്തയായിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് ഫേസ്ബുക്ക് നല്‍കിയ വിശദീകരണം. മണിക്കൂറുകള്‍ക്കുശേഷമാണ് വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടത്.