'ഒരു യഹൂദന്‍ ആയിരിക്കുക, എന്നതിനര്‍ത്ഥം ഫലസ്തീനില്‍ നടക്കുന്ന അനീതിക്ക് കൂട്ടുനില്‍ക്കുക എന്നുള്ളതല്ല': പ്രതിഷേധവുമായി അമേരിക്കന്‍ ജൂത സംഘടന
വാഷിങ്ടൺ: അമേരിക്കയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ജൂവിഷ് വോയിസ് ഫോര്‍ പീസ്’.
ജൂത സംഘടനയായ ജൂവിഷ് വോയിസ് ഫോര്‍ പീസ് ആണ് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് ജെ.വി.പി സംഘടന ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലുമായി നടത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂഡിത്ത് ബട്ട്‌ലര്‍, നോം ചോംസ്‌കി, നവോമി ക്ലീന്‍ തുടങ്ങി പ്രശസ്ത ജൂത പണ്ഡിതന്മാരാണ് സംഘടനയുടെ ഉപദേശകര്‍.
പ്രതിഷേധത്തിനിടെ ജെ.വി.പി വക്താവ് ജേയ് സാപ്പറിനെ അറസ്റ്റ് ചെയ്തിരുന്നു.
‘ഒക്ടോബര്‍ 18ന് ഞങ്ങളില്‍ 500 പേര്‍ യു.എസ് കോണ്‍ഗ്രസില്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു. 100 കണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള ആഹ്വാനത്തെ പിന്തുണച്ച് 400 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
പ്രതിഷേധത്തെ തുടര്‍ന്ന് യു.എസ് ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റവും കൂടുതല്‍ ജൂത പണ്ഡിതന്മാരെ അറസ്റ്റ് ചെയ്യുന്നത്. രാഷ്ട്രീയക്കാര്‍ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ പേരില്‍ അത് സംഭവിക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഇസ്ലാമോഫോബിയയും വര്‍ണ്ണവിവേചനവും ഒരു വിഭാഗം ജനതയെ ദുരിതത്തിലാക്കുന്നതാണ്.
ജെ.വി.പി യിലെ അംഗങ്ങള്‍ക്ക് സമാനമായ വിദ്വേഷത്തിന്റെ പങ്കാളികളാവാന്‍ സാധിക്കില്ല.
ഞങ്ങളുടെ സംഘടനയുമായി ഇതുവരെ സഹകരിച്ചിട്ടില്ലാത്ത മറ്റു ഗ്രൂപ്പുകളും ഇപ്പോള്‍ ഞങ്ങളോടൊപ്പം ഉണ്ട്. യു.എസില്‍ ഈ വിഷയത്തില്‍ സാധാരണ നിലപാടുകള്‍ ഒന്നുമില്ലാത്ത ‘ജൂതസ് ഫോര്‍ റേഷ്യല്‍ ആന്‍ഡ് ഇക്കണോമിക്‌സ് ജസ്റ്റിസ് ഗ്രൂപ്പ്’ ഇപ്പോള്‍ ഞങ്ങളോടൊപ്പം സജീവ പ്രവര്‍ത്തനങ്ങളില്‍ ഉണ്ട്.
അതേസമയം ഞങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആധികാരികതയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ഫലസ്തീനികളെ കേള്‍ക്കാനും വ്യാജവാര്‍ത്തകളും അക്രമണങ്ങളെ ചെറുക്കാനും ഗ്രൂപ്പ് താല്പര്യപ്പെടുന്നുണ്ട്. ഒക്ടോബര്‍ പതിനെട്ടിലെ പ്രതിഷേധം ആഗോളതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു . പ്രത്യേകിച്ച് പ്രകടനങ്ങള്‍ ഒന്നുമില്ലാതെ പ്രതിഷേധിക്കുന്നവരുടെ ഷര്‍ട്ടുകളില്‍ ‘എന്റെ പേരിലല്ല’ എന്ന് എഴുതിയിരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി’, ജെ.വി.പി പ്രവര്‍ത്തകന്‍ സാപ്പര്‍ പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Jews against zionism